ജില്ലയുടെ സമഗ്ര വികസനം ആസൂത്രണം ചെയ്ത് ജില്ലാ പദ്ധതി തയ്യാറാക്കണം: എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ

ജില്ലയുടെ സമഗ്ര വികസന ലക്ഷ്യം ആസൂത്രണം ചെയ്യുന്ന ജില്ലാ പദ്ധതികള്‍ തയ്യാറാക്കണമെന്ന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ.കാസര്‍കോട് ജില്ലാ ആസൂത്രണ സമിതി ജില്ലാ പദ്ധതി പരിഷ്‌കരണം വികസന സെമിനാര്‍ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎല്‍എ. ജില്ലയുടെ വികസനത്തിനായി വിവിധ കമ്മിറ്റികളും കമ്മീഷനുകളും സംഭാവന ചെയ്ത മാറ്റങ്ങളുടെ തുടര്‍ച്ച ഉറപ്പുവരുത്തണമെന്നും എം എല്‍ എ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം അധ്യക്ഷനായി.

ജില്ലാ പദ്ധതിരേഖ തയ്യാറാക്കുമ്പോള്‍ ജില്ലാ ഭരണസംവിധാനം രൂപം നല്‍കിയ ഐ ലീഡ്, ഓപ്പറേഷന്‍ സ്‌മൈല്‍, മിഷന്‍ അംഗന്‍വാടി പദ്ധതികള്‍ കൂടി ഇതിന്റെ ഭാഗമാകണം. പട്ടികജാതി, പട്ടികവര്‍ഗ്ഗ മത്സ്യത്തൊഴിലാളി വിഭാഗങ്ങളുടെ പാര്‍പ്പിടം,എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ നൈപുണ്യ വികസനം, അംഗനവാടികള്‍ക്ക് സ്വന്തമായി കെട്ടിടം ഡബിള്‍ ചേംബര്‍ ഇന്‍സിനറേറ്റര്‍, തീര ദേശ സംരക്ഷണം,റോഡ് വികസനം, ടൂറിസം എന്നീ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കണമെന്നും തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതികള്‍ തയ്യാറാക്കുമ്പോള്‍ കാസര്‍കോട് വികസന പാക്കേജിന്റെ ഫണ്ട് കാര്യക്ഷമമായി ഉപയോഗിക്കുന്ന രീതിയിലായിരിക്കണം ജില്ലാ പദ്ധതികളുടെ ക്രമീകരണം എന്നും സെമിനാറില്‍ ആമുഖ പ്രഭാഷണം നടത്തിയ ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ പറഞ്ഞു.

ചടങ്ങില്‍ ഇ ചന്ദ്രശേഖരന്‍ എംഎല്‍എ സംസാരിച്ചു. കാസര്‍കോട് ജില്ല വിവിധ മേഖലകളില്‍ വികസനത്തില്‍ വളരെയേറെ മുന്നോട്ടു പോയിട്ടുണ്ട് ഇനിയും ഏറെ നേട്ടങ്ങള്‍ കൈവരിക്കേണ്ടതുണ്ട് ഇതിനൊതകുന്ന ശാസ്ത്രീയമായ വീക്ഷണത്തോടെയുള്ള യാഥാര്‍ത്ഥ്യബോധമുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കണമെന്ന് എംഎല്‍എ പറഞ്ഞു. കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ വി വി രമേശന്‍, മുന്‍ ഡിപിസി ചെയര്‍പേഴ്‌സണ്‍ ബേബി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

സംസ്ഥാന ആസൂത്രണ ബോര്‍ഡ് മെമ്പര്‍ ഡോ.ജിജു പി അലക്‌സ് ജില്ലാ പദ്ധതി സമീപന രേഖ അവതരണം നടത്തി. അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സുധീഷ് കുമാര്‍ കരട് ജില്ലാ പദ്ധതി അവതരണം നടത്തി. പത്തോളം ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധ മേഖലയില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി. ജില്ലാ പ്ലാനിങ് ഓഫീസര്‍ ടി രാജേഷ് സ്വാഗതവും ഡെപ്യൂട്ടി ജില്ലാ പ്ലാനിങ് ഓഫീസ നജ്മുന്നീസ്സ നന്ദിയും പറഞ്ഞു.

ജില്ലയുടെ സമഗ്ര വികസനം വിഭാവനം ചെയ്യുന്ന ജില്ലാ പദ്ധതി തയ്യാറാക്കുന്നത് ജില്ലാ ആസൂത്രണ സമിതിയുടെ ഭരണഘടനാപരമായ ചുമതലയാണ്.പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വികസന കാഴ്ചപ്പാടുകളും മുന്‍ഗണനകളും ഉള്‍ക്കൊണ്ടുകൊണ്ട് തയ്യാറാക്കുന്ന ജില്ലാ പദ്ധതി പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. ജില്ലാ പദ്ധതി തയ്യാറാക്കുന്നതിനായി രൂപീകരിച്ച വിവിധ ഉപസമിതികള്‍ തയ്യാറാക്കിയ കരട് ജില്ലാ പദ്ധതി വിശദമായ ചര്‍ച്ച ചെയ്യുന്നതിനാണ് ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ ജില്ലാ വികസന സെമിനാര്‍ സംഘടിപ്പിച്ചത്. 2018 ലാണ് ഒടുവില്‍ ജില്ലാ പദ്ധതി തയ്യാറാക്കിയത്.

ജില്ലാ പദ്ധതി ആഗ്രഹങ്ങളുടെ പട്ടികയല്ല യാഥാര്‍ത്യമാക്കേണ്ട പഠനരേഖ

കാസര്‍ഗോഡ് ജില്ലയുടെ ആധികാരിക വികസന പഠനരേഖയായി ജില്ലാ പദ്ധതി മാറണമെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ ജിജു പി അലക്‌സ് പറഞ്ഞു. കാസര്‍കോട് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മാതൃകാപരമായ പദ്ധതികള്‍ നടപ്പിലാക്കി ഇതിനകം തന്നെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. കേരളത്തെ പുനര്‍ സൃഷ്ടിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം ‘പ്രളയവും മഹാമാരികളും പ്രതിസന്ധിയിലാക്കിയ കേരളത്തെ പുന: സൃഷ്ടിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. കുറച്ചു കൂടി ആധുനികവും ശാസ്ത്രീയവും മെച്ചപ്പെട്ടതുമായ കേരളത്തെ സൃഷ്ടിക്കുന്നതിന് യാഥാര്‍ത്ഥ്യബോധത്തോടെയുള്ള പദ്ധതികള്‍ക്കാണ് രൂപം നല്‍കേണ്ടത്. കോവിഡും പ്രളയവും തിരിച്ചറിവുകളാണ് കേരളത്തിന് പകര്‍ന്നു നല്‍കിയത്. ഈ പ്രതിസന്ധികളെ മുറിച്ചു കടക്കാനുള്ള ശ്രമമാണ് തദ്ദേശഭരണ സ്ഥാപനങ്ങള്‍ നടത്തുന്നത് ‘

‘ജില്ലാ പദ്ധതി യാഥാര്‍ത്ഥ്യബോധത്തോടെ കൂടി നടപ്പാക്കാന്‍ കഴിയണം ഇത് ആഗ്രഹങ്ങളുടെ പട്ടികയല്ല വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ശാസ്ത്രീയമായി തയ്യാറാക്കിയ കാസര്‍ഗോഡിന്റെ വികസന പഠന രേഖയാണ്.കണക്ടിവിറ്റിയാണ് വികസനപ്രക്രിയയുടെ നട്ടെല്ല് .മികച്ച റോഡുകളും വാര്‍ത്താ വിനിമല്ല സംവിധാനവും കൂടിയാകുമ്പോള്‍ അത് വികസനത്തിന് ഗതി വേഗം പകരും. റോഡുകളുടെയും മലയോരപാതയുടെയും വികസനത്തോടൊപ്പം ഗ്രാമീണ റോഡുകളുടെ വികസനം കൂടി സാധ്യമാക്കുന്നതോടുകൂടി കണക്ട്വിറ്റി വര്‍ദ്ധിക്കും. അത് ജില്ലയുടെ സാമ്പത്തിക വികസനത്തിന് എങ്ങനെ പ്രയോജനപ്പെടുത്താന്‍ കഴിയും എന്നത് ജില്ലാ പദ്ധതിയുടെ ഭാഗമാകണം കേരള ജൈവവൈവിധ്യ ബോര്‍ഡിന്റെ പഠനത്തില്‍ 452 തരം കാര്‍ഷിക വിളകള്‍ ഉണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത് ഈ വിളവൈവിധ്യം ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കണം അങ്ങനെ പ്രാദേശിക സാമ്പത്തിക വികസനം സാധ്യമാക്കണം പ്രാദേശിക സാമ്പത്തിക വികസനം എന്നത് ക്രമാനുഗതമായ വളര്‍ച്ചയാണ് ശുചിത്വ മേഖലയില്‍ ഇനിയും നിരവധി പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട് .ദ്രവമാലിന്യ സംസ്‌കരണത്തിന് ഊന്നല്‍ നല്‍കണം കുടിവെള്ളം ശുദ്ധമായിരിക്കണം ദാരിദ്രനിര്‍മ്മാര്‍ജ്ജനത്തിന് അടുത്തഘട്ടത്തിലേക്ക് കടക്കാന്‍ കഴിയണം. ജില്ലയില്‍ സൗരോര്‍ജ്ജ പാര്‍ക്കുകള്‍ പരമാവധി പ്രയോജനപ്പെടുത്തി ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ പ്ലാന്‍ ചെയ്യണം .ജലസുരക്ഷ ജില്ലയുടെ ഒരു പ്രധാന പ്രവര്‍ത്തനമായി മാറണം. കാര്‍ഷികമേഖലയിലെ ശക്തിപ്പെടുത്തുന്നതിന് മണ്ണിന്റെ അമ്ലത കുറക്കാനുള്ള പദ്ധതികള്‍ക്കും രൂപം നല്‍കണം. ഡോക്ടര്‍ ജിജു പി അലക്‌സ് പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി സംഘടിപ്പിച്ച ജില്ലാ പദ്ധതി പരിഷ്‌കരണം വികസന സെമിനാറില്‍ സമീപന രേഖ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം ‘

Leave a Reply

Your email address will not be published. Required fields are marked *