മാറ്റത്തിലേക്ക് ചുവടുവെച്ച് കെ-സ്റ്റോറുകള്‍; ജില്ലയില്‍ എട്ട് കേന്ദ്രങ്ങള്‍ കൂടി

സംസ്ഥാനത്തെ പൊതുവിതരണ ശൃംഖലയെ അടിമുടി പരിഷ്‌കരിച്ചുകൊണ്ട് റേഷന്‍ കടകള്‍ അത്യാധുനിക സേവന കേന്ദ്രങ്ങളായ ‘കെ-സ്റ്റോറുകളായി’ മാറുന്നു. നിലവിലുള്ള റേഷന്‍കടകളിലെ പശ്ചാത്തലസൗകര്യം വികസിപ്പിച്ച് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതല്‍ സേവനങ്ങളും ഉല്‍പ്പന്നങ്ങളും ലഭ്യമാക്കുക എന്നതാണ് കെ-സ്റ്റോര്‍ പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജില്ലയില്‍ നിലവില്‍ 47 കെ-സ്റ്റോറുകളാണ് പ്രവര്‍ത്തിക്കുന്നത്. മില്‍മ ഉല്‍പ്പന്നങ്ങള്‍, ശബരി ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍, എം.എസ്.എം.ഇ ഉല്‍പ്പന്നങ്ങള്‍, ചെറിയ ഗ്യാസ് സിലിണ്ടറുകളായ ചോട്ടു ഗ്യാസ് എന്നിവയെല്ലാം റേഷന്‍ കടകളില്‍ നിന്ന് ലഭിക്കുമെന്നതാണ് ഈ പദ്ധതിയുടെ പ്രധാന സവിശേഷത.

കാസര്‍കോട് ജില്ലയിലെ 390 റേഷന്‍ കടകളില്‍ എട്ടെണ്ണം കൂടി ഈ മാസം കെ-സ്റ്റോറുകളായി മാറുന്നതോടെ സേവനങ്ങള്‍ കൂടുതല്‍ ഗ്രാമങ്ങളിലേക്ക് വ്യാപിക്കും. റേഷന്‍ കടകളില്‍ നേരിട്ടെത്തി ഭക്ഷ്യധാന്യങ്ങള്‍ കൈപ്പറ്റാന്‍ കഴിയാത്ത അവശവിഭാഗങ്ങള്‍ക്കായി നടപ്പിലാക്കുന്ന ‘ഒപ്പം’ പദ്ധതി ജില്ലയിലെ രണ്ടു താലൂക്കുകളില്‍ ഉടന്‍ ആരംഭിക്കും. ജനകീയ വികസനത്തിന്റെ ഭാഗമായി ഉപഭോക്തൃ അവബോധം വളര്‍ത്താന്‍ ജില്ലയിലെ രണ്ട് സ്‌കൂള്‍ ക്ലബ്ബുകള്‍ക്ക് 10,000 രൂപ വീതം അനുവദിച്ചു നല്‍കി.

ഭക്ഷ്യ സിവില്‍ സപ്ലൈസ് ഓഫീസിന്റെ ‘വിശപ്പുരഹിത കേരളം’ പദ്ധതിയുടെ ഭാഗമായുള്ള സുഭിക്ഷ ഹോട്ടലുകള്‍ വഴി ഏറ്റവും കുറഞ്ഞ നിരക്കില്‍ ഊണ് ലഭ്യമാക്കുന്ന പ്രവര്‍ത്തനങ്ങളും സജീവമായി നടക്കുന്നു. സാധാരണക്കാരുടെ ക്ഷേമം മുന്‍നിര്‍ത്തി സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ സമൂഹത്തില്‍ വലിയ സ്വാധീനമാണ് കാലക്രമേണ ഉണ്ടാക്കിയിട്ടുള്ളതെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ കെ.എന്‍. ബിന്ദു പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *