‘എല്ലാ മനുഷ്യരും ഐക്യത്തോടെ നിന്നില്ലെങ്കില്‍ മനുഷ്യകുലം തന്നെ മുടിഞ്ഞു പോകും’: കെ പി രാമനുണ്ണി

കാഞ്ഞങ്ങാട്: ദേശീയതയ്ക്കും വംശീയതയ്ക്കും ഭാഷാപരമായ വ്യത്യസ്തതകള്‍ക്കും ഉപരി ലോകത്തിലെ എല്ലാ മനുഷ്യരും ഐക്യത്തോടെ നിന്നില്ലെങ്കില്‍ മനുഷ്യകുലം തന്നെ മുടിഞ്ഞു പോകുന്ന ചരിത്ര സന്ധിയിലാണ് നമ്മള്‍ എത്തിയിരിക്കുന്നതെന്ന് പ്രശസ്ത സാഹിത്യകാരന്‍ കെ പി രാമനുണ്ണി അഭിപ്രായപ്പെട്ടു. വായനക്കാരുടെ കൂട്ടായ്മയായ ‘കഥാവസന്തം’ സംഘടിപ്പിച്ച 200-ാം ലക്ക കഥാചര്‍ച്ചയും സ്‌നേഹ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അത്തരം ഭീഷണികളാണ് കാലാവസ്ഥ വ്യതിയാനവും മഹാമാരികളും മനുഷ്യരാശിക്ക് മുന്നില്‍ ഉയര്‍ത്തുന്നത്. മനുഷ്യനെ ഐക്യപ്പെടുത്താനുള്ള പ്രധാന കലാപരമായ ഉപാധിയാണ് സാഹിത്യം. അതുകൊണ്ട് ‘കഥാവസന്തം’ പോലെയുള്ള ഉദ്യമങ്ങള്‍ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. മനുഷ്യനെ മനുഷ്യനാക്കുന്നത് മര്‍ത്യ ഭാഷയാണെങ്കില്‍ ചരിത്ര മനുഷ്യനാക്കുന്നത് കഥയാണ്. അതുകൊണ്ട് കഥ കളിയല്ല,സുപ്രധാനമായ ഒരു കാര്യമാണ്. ഭാവി സമൂഹത്തെ രൂപപ്പെടുത്തുന്ന പരീക്ഷണശാലകളാണ് സാഹിത്യകൃതികളെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

സംഘാടക സമിതി ചെയര്‍മാന്‍ ഡോ. എന്‍ പി വിജയന്‍ അധ്യക്ഷനായി. ഡോ.സജയ് കെ വി മുഖ്യ പ്രഭാഷണം നടത്തി. ചെറുകഥാകൃത്ത് പി കെ പാറക്കടവ് മുഖ്യാതിഥിയായി. എഴുത്തുകാരായ ദിവാകരന്‍ വിഷ്ണുമംഗലം,വത്സന്‍ അഞ്ചാംപീടിക, സീതാദേവി കരിയാട്ട്, വി എം മൃദുല്‍ എന്നിവര്‍ സംസാരിച്ചു. ഓടക്കുഴല്‍ അവാര്‍ഡ് ജേതാവ് ഇ പി രാജഗോപാലന്‍, ഡി സി ബുക്‌സ് സെഡോറ പുരസ്‌കാരം നേടിയ അനുജിത്ത് ശശിധരന്‍, കഥാവസന്തം പോസ്റ്റര്‍ ഡിസൈനേഴ്സായ രാഹുല്‍ ഉദിനൂര്‍, കെ ദേവനന്ദ എന്നിവരെ ആദരിച്ചു. കഥാവസന്തം കൂട്ടായ്മ അഡ്മിന്‍ ഗണേശന്‍ അയറോട്ട് സ്വാഗതവും കെ ജി ജ്യോതിമോള്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് അംബികാസുതന്‍ മാങ്ങാടിന്റെ ‘സുറുമി’ കഥാചര്‍ച്ച അരങ്ങേറി. അനീഷ് വെങ്ങാട്ട് മോഡറേറ്ററായി. രാജേഷ് നര്‍ക്കല, ബാലു പൂക്കാട്, ശ്രീക്കുട്ടി ജില്‍ജിത്ത്, വിജീഷ് പരവരി, സുനിമോള്‍ ബളാല്‍, സൗമ്യ മുഹമ്മദ്, സന്തോഷ് ഒഴിഞ്ഞവളപ്പ് തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. ചര്‍ച്ചകള്‍ക്ക് ശേഷം കഥാകൃത്ത് അംബികാസുതന്‍ മാങ്ങാട് മറുമൊഴി നല്‍കി.ബാലകൃഷ്ണന്‍ ചാപ്പയില്‍ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *