സമുദായത്തിന്റെ കൂട്ടായ ശബ്ദത്തിലൂടെയെ അവകാശങ്ങള്‍ നേടിയെടുക്കാനാകൂ: മോണ്‍.മാത്യു ഇളംതുരുത്തിപടവില്‍

പനത്തടി: സമുദായത്തിന്റെ കൂട്ടായ ശബ്ദത്തിലൂടെയെ അവകാശങ്ങള്‍ നേടിയെടുക്കാനാകു എന്നും അതിനാല്‍ ഭിന്നാഭിപ്രായങ്ങളില്ലാതെ ക്രൈസ്തവര്‍ ഒന്നിച്ച് നില്‍ക്കണമെന്നും മോണ്‍.മാത്യു ഇളംതുരുത്തിപടവില്‍ പറഞ്ഞു. കത്തോലിക്ക കോണ്‍ഗ്രസിന്റെ 108-ാമത് ജന്മദിനാഘോഷത്തിന്റെ സംഘാടക സമിതി രൂപീകരണവും വിവിധ പുരസ്‌കാര വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ ഓഡിറ്റിങ് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഫാ.ഫിലിപ്പ് കവിയില്‍ വിശിഷ്ടാതിഥിയായി. പനത്തടി ഫൊറോന വികാരി ഫാ.ജോസഫ് പൂവത്തോലില്‍ മുഖ്യ പ്രഭാഷണം നടത്തി. കത്തോലിക്ക കോണ്‍ഗ്രസ് പനത്തടി ഫൊറോന പ്രസിഡന്റ് ജോണിതോലംപുഴ അധ്യക്ഷനായി. കത്തോലിക്ക കോണ്‍ഗ്രസ് സംസ്ഥാനതല അതിജീവനയാത്രയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ജില്ലയിലെ മികച്ച റിപ്പോര്‍ട്ടര്‍ പുരസ്‌കാരം മനോരമ രാജപുരം ലേഖകന്‍ രവീന്ദ്രന്‍ കൊട്ടോടിയ്ക്കും സമഗ്ര വാര്‍ത്താ കവറേജിനുള്ള പുരസ്‌കാരം മലയാളം ടുഡേ (ഓണ്‍ലൈന്‍)യ്ക്കും സമ്മാനിച്ചു. അവകാശ സംരക്ഷണ യാത്രയുടെ ഭാഗമായി നടന്ന റാലിയിലെ മികച്ച പങ്കാളിത്തത്തിനുള്ള പുരസ്‌കാരം കാഞ്ഞങ്ങാട് ഫൊറോനയില്‍ നിന്ന് എ.കെ.സി.സി.എണ്ണപ്പാറ യൂണിറ്റും പനത്തടി ഫൊറേനയിലെ പനത്തടി, പടുപ്പ് യൂണിറ്റുകളും ഏറ്റുവാങ്ങി അവകാശ സംരക്ഷണയാത്രയുടെ സംഘാടകരായ പാണത്തൂര്‍ യൂണിറ്റിനെ പരിപാടിയില്‍ ആദരിച്ചു. പനത്തടി ഫൊറോന വികാരി ഫാ. ജോസഫ് പൂവ്വത്തോലില്‍ മുഖ്യ രക്ഷാധികാരിയും ഫൊറോന പ്രസി.ജോണി തോലംപുഴ ജനറല്‍ കണ്‍വീനറുമായ സംഘാടക സമിതി രൂപീകരിച്ചു. എ .കെ.സി.സി. ഗ്ലോബല്‍ സെക്ര. പീയൂസ് പറേയിടം, രൂപതാ സെക്ര. രാജീവ് തോമസ്, ഫാ.ജോണ്‍സണ്‍ പടിഞ്ഞാറേയില്‍, യൂത്ത് കൗണ്‍സില്‍ കോര്‍ഡിനേറ്റര്‍മാരായ ആഖിന്‍ മരിയ, റോണി ആന്റണി, റീന വര്‍ഗീസ്, ഫൊറോന സെക്ര. ജോസ് തൈപറമ്പില്‍, തങ്കമ്മ അച്ചാണ്ടി, ജോയി മോന്‍ കീച്ചേരി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *