രാജപുരം: പാണത്തൂര്‍ – യുവ സംവിധായകന്‍ വിജേഷ് പാണത്തൂര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന പ്രകമ്പനം ഇന്ന് തീയേറ്ററുകളില്‍ എത്തുന്നു. ഗണപതിയും, സാഗര്‍ സൂര്യയും പ്രധാന വേഷങ്ങളില്‍ എത്തുന്ന ഹൊറര്‍ കോമഡി എന്റര്‍ടെയ്‌നറാണ് പ്രകമ്പനം. കേരളത്തിലും, തമിഴ്‌നാട്ടിലും വിദേശ രാഷ്ട്രങ്ങളിലുമായി നാനൂറോളം തിയേറ്ററുകളിലാണ് സിനിമ പ്രദര്‍ശനത്തിനെത്തുന്നത്. ഒരു ക്യാമ്പസും ഹോസ്റ്റല്‍ ജീവിതവുമാണ് പൂര്‍ണ്ണമായും ഹ്യൂമര്‍ പശ്ചാത്തലത്തിലൂടെ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. കോളേജ് കേന്ദ്രീകരിച്ചാണ് ഇതിന്റെ ലൊക്കേഷന്‍. ക്യാമ്പസില്‍ അരങ്ങേറുന്ന നിരവധി സംഭവങ്ങള്‍ നിറഞ്ഞ നര്‍മ്മമുഹൂര്‍ത്തത്തിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ് പ്രകമ്പനം. മലയാളത്തില്‍ ഇറങ്ങിയ ഈ സിനിമ ഉടന്‍ തന്നെ കന്നട, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലേക്ക് റീമേക്ക് ചെയ്യും. ശ്രീജിത്ത് കെ.എസ്, കാര്‍ത്തികേയന്‍ എസ്, സുധീഷ് എന്‍ എന്നിവരാണ് സിനിമയുടെ നിര്‍മ്മാതാക്കള്‍. യുവ സംവിധായകന്‍ വിജേഷ് പാണത്തൂരിന്റെ രണ്ടാമത്തെ സിനിമയാണ് പ്രകമ്പനം. അദ്ദേഹത്തിന്റെ ആദ്യ സിനിമയായ നദികളില്‍ സുന്ദരി യമുന വന്‍ പ്രദര്‍ശന വിജയം നേടിയിരുന്നു. പ്രകമ്പനം വന്‍ ഹിറ്റാകും എന്നുള്ള പ്രതീക്ഷയിലാണ് ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍.