കാഞ്ഞങ്ങാടിന്റെ ഗതാഗതകുരുക്കഴിക്കും

കാഞ്ഞങ്ങാട് ദേശീയ റോഡുസുരക്ഷാ മാസത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് സബ് ആര്‍ ടി ഓഫീസ്, നഗരസഭ, ഹൊസ്ദുര്‍ഗ് പോലീസ്, റോട്ടറി ക്ലബ് കാഞ്ഞങ്ങാട് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന സെമിനാര്‍ ശ്രദ്ധേയമായി. ഗതാഗതക്കുരുക്കൊഴിവാക്കാന്‍ സമഗ്രമായ നിര്‍ദ്ദേശങ്ങളാണ് സെമിനാറില്‍ ഉയര്‍ന്നു വന്നത്. കാഞ്ഞങ്ങാട് സൗത്ത് മുതല്‍ മണ്‍സൂണ്‍ ആശുപത്രി വരെ അപകടങ്ങളും കുരുക്കുമില്ലാത്ത മോഡല്‍ റോഡാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കാഞ്ഞങ്ങാട് പട്ടണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മുപ്പതോളം സംഘടനകളുടെ പ്രതിനിധികള്‍ പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തു.

ജോ ആര്‍ടിഒ സിഎസ് കുമാര്‍ അധ്യക്ഷത വഹിച്ച സെമിനാര്‍ നഗരസഭാ ചെയര്‍മാന്‍ വിവി രമേശന്‍ ഉദ്ഘാടനം ചെയ്തു.കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്റിനു മുന്‍പില്‍ അത്യാധുനിക നിലയിലുള്ള ഫൂട്ട് ഓവര്‍ ബ്രിഡ്ജ്, വിവിധ സ്ഥലങ്ങളില്‍ പേ പാര്‍ക്കിങ്ങ് സൗകര്യം, ഓട്ടോറിക്ഷാ പാര്‍ക്കിങ്ങുകളുടെ പുനക്രമികരണം, സര്‍വീസ് റോഡിലൂടെ ഒരു വശത്തേക്ക് മാത്രമുള്ള ഗതാഗതം, ആലാമിപ്പള്ളി ബസ് സ്റ്റാന്റ് പൂര്‍ണ്ണ സജ്ജമാക്കല്‍, ഫൂട്ട് പാത്ത് നവീകരിച്ച് ഇരു വശങ്ങളിലും മനോഹരമായ പുഷ്പച്ചെടികള്‍ വച്ചു പിടിപ്പിച്ച് ബത്തേരി മോഡല്‍ ക്ലീന്‍ സിറ്റി യാക്കല്‍, അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കല്‍, തട്ടുകള്‍ക്ക് കേന്ദ്രീകൃത രൂപം നല്‍കി ഫുട് കോര്‍ട്ടുകള്‍ ഉണ്ടാക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവരികയും വര്‍ഷങ്ങള്‍ക്കു മുന്‍പ് നിലച്ചുപോയ ഫ്‌ലൈ ഓവറിനു വേണ്ടിയുള്ള പ്രവര്‍ത്തനം വീണ്ടും സജീവമാക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു. കാഞ്ഞങ്ങാട് ഡിവൈഎസ്പി സുരേഷ് ബാബു മുഖ്യാതിഥി ആയി, വൈസ് ചെയര്‍മാന്‍ ലത ബാലകൃഷ്ണന്‍, സ്റ്റാന്റിങ്ങ് കമറ്റി ചെയര്‍മാന്‍മാരായ എം പിജാഫര്‍, ഫൗസിയ ഷെറീഫ് ,മുഹമ്മദ് മുറിയനാവി, എം വിജയന്‍, കൗണ്‍സിലര്‍മാരായ സേതു, റമീസ് എന്നിവരും ജയേഷ് കെ ജനാര്‍ദ്ധനന്‍,വിനോദ്, എം വി ഐ മാരായ വിജയന്‍ എം, ജയന്‍ കെ.വി, എ.എം വി ഐ അഭിലാഷ് കെ, ട്രാഫിക് എസ് ഐ മധു എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *