സംസ്ഥാന സഹകരണ യൂണിയന്റെ കീഴില്‍ നീലേശ്വരം പ്രവര്‍ത്തിക്കുന്ന കാഞ്ഞങ്ങാട് സഹകരണ പരിശീലന കോളേജിനായി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായി. രണ്ടര കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടെ ഈ മന്ദിരം ഒരുക്കിയിരിക്കുന്നത്. സഹകരണ മേഖലയിലെ പ്രധാന കോഴ്സുകളായ ജെ.ഡി.സി, എച്ച്.ഡി.സി തുടങ്ങിയവയ്ക്കുള്ള സര്‍ക്കാര്‍ തലത്തിലുള്ള പരിശീലന കേന്ദ്രമാണിത്. പഠനത്തിനും പരിശീലനത്തിനും ഉതകുന്ന വിപുലമായ സൗകര്യങ്ങളാണ് പുതിയ കെട്ടിടത്തിലുള്ളത്.
നാല് ഹൈടെക് ക്ലാസ് മുറികള്‍, വിശാലമായ കോണ്‍ഫറന്‍സ് ഹാള്‍,ലൈബ്രറി,കമ്പ്യൂട്ടര്‍ ലാബ്,ഓഫീസ് മുറി, പ്രിന്‍സിപ്പാള്‍ ചേംബര്‍ എന്നിവയ്ക്ക് പുറമെ മൂന്ന് ഗസ്റ്റ് റൂമുകളും കെട്ടിടത്തിലുണ്ട്. കൂടാതെ അടുക്കള, ഡൈനിംഗ് ഹാള്‍, ആധുനിക രീതിയിലുള്ള ടോയ്ലറ്റ് കോംപ്ലക്സുകള്‍ എന്നിവയും സജ്ജമാണ്. ഇലക്ട്രിഫിക്കേഷന്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രവൃത്തികളും പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിന് ഒരുങ്ങിയിരിക്കുകയാണ് കലാലയം. ജില്ലാ നിര്‍മ്മിതി കേന്ദ്രം മുഖേനയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്.