ഒരു നാടിന്റെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ഉയര്‍ന്നുവന്ന കുണ്ടൂച്ചി വി.സി.ബി കം ബ്രിഡ്ജ് നാടിന് സമര്‍പ്പിച്ചു. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ ചെലവില്‍ സംസ്ഥാന ചെറുകിട ജലസേചന വകുപ്പ് നിര്‍മിച്ച നിര്‍മ്മിച്ച വിസിബി കം ബ്രിഡ്ജ് സി എച്ച് കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. ചെറുകിട ജലസേചന വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എ അനൂപ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി ബാലന്‍ എന്നിവര്‍ മുഖ്യാതിഥികളായി. മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ധന്യ, ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം രജനി, മുന്‍ മെമ്പറായ ചെമ്പക്കാട് നാരായണന്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ ബി സി രാഘവന്‍, ടി രാമകൃഷ്ണന്‍, വി സുധാകരന്‍, ക്ലബ്ബ് ഭാരവാഹിയായ ഗോപി മുള്ളംകോട്, യൂത്ത് വിംഗ് കോഡിനേറ്റര്‍ ആയ വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി കണ്‍വീനര്‍ ടി രാമകൃഷ്ണന്‍ സ്വാഗതവും വര്‍ക്കിംഗ് ചെയര്‍മാന്‍ രാമകൃഷ്ണന്‍ നമ്പ്യാkര്‍ നന്ദിയും പറഞ്ഞു കുണ്ടൂച്ചി- ചിറക്കല്‍ റോഡുകളെ ബന്ധിപ്പിക്കുന്നതിന് ഒരു പാലം വേണമെന്ന നാട്ടുകാരുടെ പൊതുവായ ആവശ്യമാണ് വിസിബി കം ബ്രിഡ്ജിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതോടെ സഫലീകരിക്കപ്പെട്ടത്. ഇവിടെ പഞ്ചായത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച കോണ്‍ക്രീറ്റ് നടപ്പാലമായിരുന്നു മുമ്പ് ഈ പ്രദേശത്തുകാരുടെ ഏക ആശ്രയം. നടപ്പാലം ഒലിച്ചു പോയതോടെയാണ് മറുകര കടക്കാന്‍ കഴിയാതെ ഇരു ഭാഗത്തുമുള്ളവര്‍ ഏറെ ദുരിതം അനുഭവിക്കേണ്ടി വന്നു. എം എല്‍ എയുടെ നിരന്തരമായ ഇടപെടലിലൂടെയാണ് വി സി ബി കം ബ്രിഡ്ജ് യാഥാര്‍ഥ്യമായത്. വി സി ബി കം ബ്രിഡ്ജ് പൂര്‍ത്തിയായതോടെ ബേഡകം ചെര്‍ക്കാല്‍ പ്രദേശവാസികള്‍ക്ക് കുണ്ടൂച്ചിയിലേക്കും അതുവഴി കുറ്റിക്കോല്‍ ബോവിക്കാനം റോഡിലേക്കും പോകാന്‍ പുതിയ പാലം എളുപ്പവഴിയാകും. കുണ്ടൂച്ചി ഭാഗത്ത് ഉള്ളവര്‍ക്ക് ബേഡഡുക്ക പഞ്ചായത്ത് ഓഫിസ്, ബേഡകം താലൂക്കാശുപത്രി, കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തുടങ്ങിയ പൊതുയിടങ്ങളിലേക്കും ടൗണിലേക്കും യാത്ര എളുപ്പമാകും. കുണ്ടൂച്ചി, ചെര്‍ക്കാല്‍, പായം, വണ്ണാര്‍ക്കയ ഭാഗത്തുള്ള സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും പദ്ധതി യാത്രാമാര്‍ഗമൊരുക്കും. കുണ്ടൂച്ചി, പായങ്ങാട് ഭാഗത്ത് തെങ്ങ്, കവുങ്ങ്, നെല്ല് കര്‍ഷകര്‍ക്ക് കൃഷിക്ക് ആവശ്യമായ ജലം ലഭിക്കുമെന്നതും വലിയ പ്രയോജനമാണ്.