ബെംഗളൂരു: മഹദേവപുര മെയിന്‍ റോഡില്‍ ഡെലിവറി ഏജന്റിന് നേരെ യുവാക്കളുടെ ക്രൂരമായ ആക്രമണം. സ്‌കൂട്ടറില്‍ എത്തിയ രണ്ട് യുവാക്കള്‍ ഡെലിവറി ജീവനക്കാരനായ ദിലീപ് കുമാറിനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിക്കുകയും റോഡിലിട്ട് മര്‍ദ്ദിക്കുകയും ചെയ്തു. സംഭവത്തില്‍ പ്രതികളായ ജഗത് (28), ധര്‍മ്മ (20) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ദിലീപ് കുമാറിന്റെ സ്‌കൂട്ടര്‍ പ്രതികളുടെ ബൈക്കില്‍ തട്ടിയെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ദിലീപിന്റെ സ്‌കൂട്ടറിന് കുറുകെ സ്വന്തം വാഹനം നിര്‍ത്തിയാണ് അക്രമം തുടങ്ങിയത്. ഹെല്‍മറ്റ് കൊണ്ട് മുഖത്തിടിയേറ്റ ദിലീപ് സ്‌കൂട്ടറുമായി റോഡിലേക്ക് മറിഞ്ഞുവീണു. തുടര്‍ന്ന് പ്രതികള്‍ ഇയാളെ നിലത്തിട്ട് ചവിട്ടുകയായിരുന്നു.
മര്‍ദ്ദനം തടയാന്‍ ശ്രമിച്ച നാട്ടുകാരെയും യുവാക്കള്‍ ആക്രമിക്കാന്‍ മുതിര്‍ന്നു. ഇതോടെ ക്ഷുഭിതരായ നാട്ടുകാര്‍ സംഘം ചേര്‍ന്ന് പ്രതികളെ തടയുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇതിനുപിന്നാലെ പുറത്തുവന്നിരുന്നു. ഇടവഴിയില്‍ നിന്നെത്തിയ ജീവനക്കാരന്റെ സ്‌കൂട്ടറിലേക്ക് ഇടിച്ചാണ് യുവാക്കള്‍ സ്‌കൂട്ടര്‍ നിര്‍ത്തുന്നതടക്കമുള്ള ദൃശ്യമാണ് പുറത്ത് വന്നിട്ടുള്ളത്.