സമഗ്ര ഗുണമേന്‍മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കാസര്‍കോട് ജില്ലാ പഞ്ചായത്ത്, കാസര്‍കോട് ഡയറ്റിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന എക്വിപ് 2026 പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പത്താം തരം വിദ്യാര്‍ഥികളുടെ മികവുയര്‍ത്തുന്നതിന് തയ്യാറാക്കിയ ചോദ്യ ബാങ്കിന്റെ പ്രകാശനം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്നു. പത്താം തരത്തിലെ പാഠപുസ്തകങ്ങളും വിലയിരുത്തല്‍ രീതിയും മാറിയ സാഹചര്യത്തിലാണ് ആത്യന്തിക വിലയിരുത്തലിനെ അടിസ്ഥാനമാക്കി ഡയറ്റിന്റെ അക്കാദമിക പിന്തുണയോടെ ചോദ്യശേഖരം തയാറാക്കിയത്. മലയാളം, ഇംഗ്ലീഷ്, കന്നഡ ഭാഷകളില്‍ പത്താം തരത്തിലെ ഐ ടി ഒഴികെയുള്ള വിഷയങ്ങളിലാണ് ചോദ്യശേഖരം ലഭ്യമാക്കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപഡയരക്ടറുടെ അധിക ചുമതലയുള്ള പി സത്യഭാമ അധ്യക്ഷയായി. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ.കെ രഘുരാമ ഭട്ട് പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് മുന്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ.എസ് എന്‍ സരിത മുഖ്യാതിഥിയായി. എക്വിപ് കോര്‍ഡിനേറ്റര്‍ എ.ഗിരീഷ് ബാബു, കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ റോജി ജോസഫ്, വിശ്വനാഥ ഭട്ട് എന്നിവര്‍ സംസാരിച്ചു.