പാലക്കുന്ന്: പള്ളം, തെക്കേക്കര, ഉദയമംഗലം പ്രദേശങ്ങളിലെ സാമൂഹിക- കായിക-കലാ രംഗങ്ങളില്‍ മികവുറ്റ പ്രവര്‍ത്തനവുമായി കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി സേവന നിരതരായ ഉദുമ തെക്കേക്കര ‘കുണ്ടില്‍ ഫ്രണ്ട്സ്’ രജത ജൂബിലി നിറവില്‍. തെക്കേക്കര കുണ്ടില്‍ തറവാട് കേന്ദ്രീകരിച്ച് 2000 ലാണ് കൂട്ടായ്മക്ക് തുടക്കം കുറിച്ചത്. ടി.നാരായണന്‍, ടി.കെ. രാജേന്ദ്രന്‍, ദിനേശന്‍ ചെണ്ട എന്നിവരുടെ നേതൃത്വത്തിലായിരുന്നു അത്. ഉദയമംഗലം മഹാവിഷ്ണു ക്ഷേത്ര ആറാട്ടുത്സവത്തിന് സദ്യയൊരുക്കാന്‍ സ്വന്തമായി വിളയിച്ചെടുത്ത പച്ചക്കറിയോടെ കലവറ സമര്‍പ്പിച്ചായിരുന്നു തുടക്കം. അത് ഇന്നും തുടരുന്നുണ്ട്. ക്ഷേത്ര ശ്രീകോവിലില്‍ കട്ടിളയ്ക്ക് പിച്ചള പാകിയതും ഈ കൂട്ടായ്മയായിരുന്നു. കബഡിയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന കൂട്ടായ്മയാണിത്. പള്ളം വിക്ടറി ക്ലബുമായി കൂട്ടു ചേര്‍ന്നാണ് കബഡി മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. ജീവകാരുണ്യ, വിദ്യാഭ്യാസ, സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമാണിവര്‍. കീഴില്‍ പ്രവര്‍ത്തിക്കുന്ന വനിതാ ഘടകം വിവിധ കലാ- നൃത്ത- സംഗീത പരിശീലനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു.
10 ന് വൈകുന്നേരം മുതല്‍ ആഘോഷ പരിപാടികള്‍ക്ക് ആരംഭം കുറിക്കും. പുറമെ നിന്നുള്ള കലാകാരന്മാരെ പങ്കെടുപ്പിക്കാതെ അംഗങ്ങളില്‍ നിന്ന് തന്നെ പരിശീലനം നേടിയ കുട്ടികളും മുതിര്‍ന്നവരുമാണ് കലാ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. കൈകൊട്ടികളി, തിരുവാതിരകളി, സിനിമാറ്റിക്‌സ് ഡാന്‍സ് തുടങ്ങിയവയ്ക്ക് ശേഷം ‘രസം’ ഗ്രൂപ്പിന്റെ പാട്ടും പറച്ചിലും മെന്റലിസം പരിപാടിയും അരങ്ങേറും. പഠനത്തിലും കലാ-കായിക മത്സരങ്ങളിലും മികവ് തെളിയിച്ചവരെ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി അനുമോദിക്കും.
ഭാരവാഹികള്‍: ദിനേശന്‍ ചെണ്ട (പ്രസി.), പി. പ്രണവ് (സെക്ര.),ടി. ഭാസ്‌കരന്‍ (ട്രഷ.). ആഘോഷ കമ്മിറ്റി വനിതാ കോര്‍ഡിനേറ്റന്മാര്‍: ശ്വേത രത്‌നാകാരന്‍,ചാന്ദിനി ചന്ദ്രന്‍, അഷിത അശോകന്‍, ശ്രേയ രത്‌നാകരന്‍.