2026ലെ കേരള നിയമസഭാ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെയും (EVM) വിവിപാറ്റുകളുടെയും (VVPAT) ഒന്നാംഘട്ട പരിശോധന (First Level Checking – FLC) ഇന്ന് രാവിലെ (ജനുവരി മൂന്നിന് ) ആരംഭിച്ചു. കാസര്‍കോട് കളക്ടറേറ്റിലെ ഇ.വി.എം വെയര്‍ഹൗസില്‍ പ്രത്യേകം സജ്ജമാക്കിയ ഹാളില്‍ നടക്കുന്ന പരിശോധന ജനുവരി 25 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡില്‍ (BEL)നിന്നുള്ള അഞ്ച് അംഗീകൃത എഞ്ചിനീയര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് പരിശോധനകള്‍ നടക്കുന്നത്. വെയര്‍ ഹൗസ് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ കെ. ഇമ്പ ശേഖറിന്റെ നേതൃത്വത്തില്‍ തുറന്നു. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ഇലക്ഷന്‍ ഗോപകുമാര്‍ എ എന്‍.എഫ്.എല്‍.സി സൂപ്പര്‍വൈസര്‍ ലിപു എസ് ലോറന്‍സ് ഇ.വി.എം നോഡല്‍ ഓഫീസര്‍ കെ.രാഘവന്‍, ഇലക്ഷന്‍ വിഭാഗം ജൂനിയര്‍ സൂപ്രണ്ട് എ.രാജീവന്‍ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ഹരീഷ് ബി നമ്പ്യാര്‍ ഉമ്മര്‍ പാടലടുക്ക എന്നിവര്‍ സംബന്ധിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലവിലുള്ള നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, എഫ്.എല്‍.സി വിജയിക്കുന്ന യന്ത്രങ്ങള്‍ മാത്രമേ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുകയുള്ളൂ. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പുറമെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും വിവിധ തലങ്ങളില്‍ ഈ പ്രക്രിയ നിരീക്ഷിക്കുന്നുണ്ട്. വോട്ടിംഗ് യന്ത്രങ്ങളുടെ പ്രവര്‍ത്തനക്ഷമതയും സുതാര്യതയും ഉറപ്പുവരുത്തുന്നതിനായി എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും ജില്ലാ ഭരണകൂടം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പരിശോധനാ പ്രക്രിയയ്ക്ക് സാക്ഷ്യം വഹിക്കുന്നതിനായി ജില്ലയിലെ അംഗീകൃത ദേശീയ, സംസ്ഥാന രാഷ്ട്രീയ പാര്‍ട്ടികളോട് തങ്ങളുടെ പ്രതിനിധികളെ അധികാരപ്പെടുത്താന്‍ ഡിസംബര്‍ 22-ന് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ ജില്ലാ ആസ്ഥാനങ്ങളിലും സംസ്ഥാന ആസ്ഥാനങ്ങളിലും ഇതുസംബന്ധിച്ച അറിയിപ്പുകള്‍ കൈമാറി. യന്ത്രങ്ങളുടെ പരിശോധന സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇ.സി.ഐ വെബ്‌സൈറ്റില്‍ ലഭ്യമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ മാനുവലില്‍ ലഭ്യമാണ്. ജില്ലയില്‍ 2118 ബാലറ്റ് യൂണിറ്റുകളും 1899 കണ്‍ട്രോള്‍ യൂണിറ്റുകളും 1769 വിവിപാറ്റുകളുമാണ് തിരഞ്ഞെടുപ്പിന് ഉപയോഗിക്കുക.