മനക്കരുത്തില്‍ മാനംമുട്ടെ ; ജില്ലാ വിദ്യാഭ്യാസ മേധാവി പദവി വരെയെത്തിയ മധുമാഷ് വിരമിച്ചു

പാലക്കുന്നില്‍ കുട്ടി

ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ (ഡി ഡി ഇ) എന്നത് തലയെടുപ്പുള്ള പദവിയാണ്. ജില്ലയിലെ വിദ്യാഭ്യാസ മേഖലയിലെ അത്യുന്നത സ്ഥാനം. 32 വര്‍ഷം നീണ്ട തിളക്കമാര്‍ന്ന ഔദ്യോഗിക ജീവിതത്തിന്റെ കരുത്ത് പിന്‍ബലമാക്കി ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സ്ഥാനത്തോട് വിടപറയുകയാണ് ഉദുമ കൊക്കല്‍ ‘അതുല്‍ കൃഷ്ണ’യിലെ ടി. വി. മധുസൂദനന്‍. പേര് അങ്ങിനെ യാണെങ്കിലും നാട്ടുകാര്‍ക്കും ശിഷ്യഗണത്തിനും സഹപ്രവര്‍ത്തകര്‍ക്കും അദ്ദേഹം മധു മാഷാണ്- ഉദുമക്കാരുടെ പ്രിയപ്പെട്ട മധു മാഷ്. 2025 ലെ അവസാന ദിവസം ജോലിയില്‍ നിന്ന് വിരമിച്ചു. അദ്ദേഹത്തിന് ഉചിതമായ യാത്രയയപ്പ് നല്‍കാന്‍ മൊഗ്രാലിലെ ജില്ലാ കലോത്സവ സംഘാടകര്‍ വേദിയൊരുക്കിയതും നിമിത്തമായെന്ന് വേണം കരുതാന്‍. വിരമിക്കുന്നതിന് മുന്നോടിയായി ഒന്നര മാസം അവധി യെടുത്തിരുന്നുവെങ്കിലും ജില്ലയിലെ വിദ്യാഭ്യാസമേളയ്ക്ക് ഉപഡയറക്ടരുടെ സാനിധ്യം അനിവാര്യമാണെന്ന് മനസ്സിലാക്കിയ അദ്ദേഹം തിരിച്ചെത്തുകയായിരുന്നു ജില്ലാ കലോത്സവത്തിന് തിരശീല വീഴും വരെ വേദിയില്‍ സജീവമായി.

വിധിയെ വെല്ലുവിളിച്ച നാള്‍ വഴികള്‍

പേരില്‍ മധു എന്നുണ്ടെങ്കിലും ജീവിതയാത്ര അത്ര മധുരതരമായിരുന്നില്ല മധു മാഷിന്. ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ കാലിന് പോളിയോ ബാധിച്ചത് കുടുംബത്തെ മൊത്തം വല്ലാതെ അലട്ടി. വലത് കാലിന്റെ സ്വാധീന ശക്തി ശോഷിച്ചു. എന്നിട്ടും ഊന്നു വടിയെ തുണയാക്കി യാത്ര തുടര്‍ന്നു. സ്വയം ഡ്രൈവ് ചെയ്ത് കാറില്‍ യാത്ര ഇപ്പോഴും തുടരുന്നു. ദൗര്‍ഭാഗ്യം വില്ലന്റെ രൂപത്തില്‍ പിന്നെയും അദ്ദേഹത്തെ പിന്‍തുടരുകയായിരുന്നു. 2022 ല്‍ സ്‌ട്രോക് ബാധിച്ചത് കൂനിന്മേല്‍ കുരു പോലെയായി. കണ്ണുകളുടെ കാഴ്ചയില്‍ 80% കുറവുണ്ടായി. ലേസര്‍ ചികിത്സയില്‍ അത് മറികടന്നു. തീര്‍ന്നില്ല ദുര്‍വിധി. വൃക്കകള്‍ക്കും രോഗം ബാധിച്ചു. രണ്ട് തവണ ഓപ്പറേഷന്‍ ചെയ്തു. സ്‌ട്രോക്കിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിരവധി തവണ പോകേണ്ടിവന്നു. പള്‍സ് റേറ്റ് 24 വരെ യെത്തിയപ്പോള്‍ പേസ്‌മേക്കര്‍ മാത്രമേ രക്ഷയുള്ളൂവെന്ന്
വിദഗ്ദ ഡോക്ടന്മാര്‍ വിധിഎഴുതി. ആ വിധിയെപ്പോലും വെല്ലുവിളിക്കും വിധം മനോവീര്യം തളരാതെ പിടിച്ചു നില്‍ക്കാന്‍ സാധിച്ചതാണ് തന്റെ ജീവിത നാള്‍ വഴിയിലെ മറക്കാനാവാത്ത പ്രകൃത്യാതീതമായ അത്ഭുത പ്രതിഭാസമെന്ന് മാഷ് പറയുമ്പോള്‍ എന്റെ കണ്ണും ഈറനണിഞ്ഞുപോയത് മാഷോടുള്ള ആ അടുപ്പമായിരുന്നു. പള്‍സ് റേറ്റ് പതുക്കെ കൂടി വരിക യായിരുന്നു. അതും ഒരു പ്രതിഭാസം പോലെ.

എങ്ങിനെ പിടിച്ചു നിന്നു?

ഭാരിച്ച ഉത്തരവാദിത്വമുള്ള ഔദ്യോഗിക പദവിയില്‍ ഇത്രയും നാള്‍ എങ്ങിനെ പിടിച്ചു നിന്നു എന്നതിന് മധു മാഷിന്റെ ഉത്തരവും ലളിതം. മനക്കരുത്ത്, പ്രാര്‍ത്ഥന, തീവ്രമായ ഉല്‍ക്കര്‍ഷിച്ച് ആരോഗ്യപരമായ കാരണങ്ങളാല്‍ വിരമിക്കല്‍ തീയതിക്ക് ഒന്നര മാസം മുന്‍പേ അവധി എടുത്തിരുന്നു. സംസ്ഥാനത്ത് ഏറ്റവും അവസാനം കാലോല്‍സവം നടന്നത് കാസര്‍കോട് ജില്ലയില്‍ ആയിരുന്നു. അതും ക്രിസ്മസ് ആഘോഷത്തിരക്കിനിടെ. പകരക്കാരന്‍ കാസര്‍കോട് ചാര്‍ജെടുക്കാന്‍ എത്തിയതുമില്ല. കലോത്സവം നടക്കുന്ന ജില്ലയില്‍ വിദ്യാഭ്യാസ മേധാവിയുടെ അഭാവം പത്രങ്ങള്‍ സൂചിപ്പിച്ചപ്പോള്‍ ആരോഗ്യസ്ഥിതി ഒന്നും നോക്കാതെ അവിടെയെത്തുകയായിരുന്നു ഡി ഡി ഇ മധുസൂദനന്‍. അതൊരു വലിയ നിമിത്തമായെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ മുഖത്ത് സൂര്യ തിളക്കം. കലോത്സവ വേദിയിലെ ആ യാത്രയയപ്പ് ജീവിതത്തില്‍ മറക്കാനാവാത്ത സംഭവമായിരുന്നുവെന്ന് ഒട്ടേറെ അനുഭവങ്ങള്‍ വിവരിച്ച് അദ്ദേഹം പറഞ്ഞു. ഈ വിധം ഒരു യാത്രയായപ്പ്
സംസ്ഥാനത്ത് ആദ്യമെന്ന് സ്വാഭിമാനം അദ്ദേഹം പറയുന്നു.

അല്‍പ്പം ജീവിത ചരിത്രം

യു. കൃഷ്ണന്‍ മാസ്റ്ററുടെയും കെ.വി. സുമതിയുടെയും മകനായി ഉദുമ കൊക്കാലില്‍ ജനനം. പ്രൈമറി വിദ്യാഭ്യാസം ഉദുമ എല്‍ പി സ്‌കൂളിലും തുടര്‍ന്ന് ഉദുമ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും. കാസര്‍കോട് ഗവ. കോളേജില്‍ നിന്നായിരുന്നു ഡിഗ്രി. പഠിച്ച സ്‌കൂളില്‍ 22 വര്‍ഷം ജീവശാസ്ത്ര അധ്യാപകനായും 7 വര്‍ഷം പ്രധാനാധ്യാപകനുമായി. എസ് എസ് എല്‍ സി യില്‍ ഉദുമ സ്‌കൂളില്‍ ആദ്യമായി 100% വിജയം നേടിയത് അദ്ദേഹം പ്രധാനാധ്യാപകന്‍ ആയിരിക്കെ 2021ല്‍ ആയിരുന്നു. 2023 ല്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആയി പ്രൊമോഷന്‍ എറണാകുളം കോതമംഗലത്തേക്കായിരുന്നു. അടുത്ത വര്‍ഷം സ്വന്തം ജില്ലയില്‍ തന്നെ വിദ്യാഭ്യാസ ഉപ ഡയറക്‌റയായി സ്ഥാനകയറ്റം ലഭിച്ചു.

സത്യസന്ധത, ക്ഷമ, ആത്മാര്‍ത്ഥത ഇവ സമം ചേര്‍ന്നാല്‍ ഏത് വിജയവും കൈപ്പിടിയില്‍ ഒതുക്കാമെന്നാണ് മധുസൂദനന്‍ സര്‍ കുട്ടികള്‍ക്ക് നല്‍കുന്ന സന്ദേശം. കെ. വി. സുമതിയാണ് ഭാര്യ.മകന്‍ അതുല്‍ കൃഷ്ണ ഗയില്‍ ഗ്രൂപ്പില്‍ ക്വാളിറ്റി എഞ്ചിനീയര്‍. മകള്‍ ചഞ്ചല്‍ കൃഷ്ണ പെരിയ കേന്ദ്ര സര്‍വകലാശാലയില്‍ പി.ജി.ക്ക് പഠിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *