തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയികളായവര്‍ ചേര്‍ന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ശനിയാഴ്ച രാവിലെ നടന്നു. അജാനൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ രാവിലെ 10 30 ന് ആരംഭിച്ചു. റിട്ടേണിംഗ് ഓഫീസര്‍ മൈനര്‍ ഇറിഗേഷന്‍ സബ് ഡിവിഷന്‍ കാഞ്ഞങ്ങാട് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ടി ഗോകുലന്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ അജാനൂര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ. എച്ച്. അനീഷ് കുമാര്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ കൈകാര്യം ചെയ്തു. ആദ്യഘട്ടത്തില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് ബി.ജെ.പി കക്ഷികളിലെ മൂന്ന് സ്ഥാനാര്‍ത്ഥികളെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി നാമ നിര്‍ദ്ദേശം ചെയ്യപ്പെട്ടു. എല്‍ഡിഎഫിലെ വി വി തുളസി യുഡിഎഫിലെ സി കുഞ്ഞാമിന ബിജെപിയിലെ ഗീത ബാബുരാജ് എന്നിവരാണ് ആദ്യഘട്ടത്തില്‍ സ്ഥാനാര്‍ത്ഥികളായി നാമ നിര്‍ദ്ദേശം ചെയ്യപ്പെട്ടത്. എല്‍.ഡി.എഫിലെ വി.വി.തുളസിയെ മൂലക്കണ്ടം പ്രഭാകരന്‍ നാമനിര്‍ദ്ദേശം ചെയ്തു. തമ്പാന്‍ മക്കാകോട്ട് പിന്താങ്ങി. യു.ഡി.എഫിലെ സി. കുഞ്ഞാമിനയെ വി.കെ. കാര്‍ത്യായനി നാമ നിര്‍ദ്ദേശം ചെയ്തു. മുഹമ്മദ് കുഞ്ഞി പിന്താങ്ങി. ബി.ജെ.പിയിലെ ഗീത ബാബുരാജിനെ അര്‍ജുന്‍ യോഗി നാമനിര്‍ദേശം ചെയ്തു.കെ. സിജി പിന്‍താങ്ങി. ആദ്യഘട്ടത്തില്‍ എല്‍ഡിഎഫിലെ ബി വി തുളസി പന്ത്രണ്ടും യുഡിഎഫിലെ സി കുഞ്ഞാമിന എട്ടും ബിജെപിയിലെ ഗീതാ ബാബുരാജ് നാല് വോട്ടും നേടി. ഇതില്‍ ഏറ്റവും കുറവ് വോട്ട് ലഭിച്ച ബിജെപിയിലെ അംഗങ്ങളെ മാറ്റിനിര്‍ത്തി രണ്ടാംഘട്ട വോട്ട് എടുപ്പ് നടപടിക്രമങ്ങള്‍ ആരംഭിച്ചു. രണ്ടാംഘട്ട പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിലെ വി. വി.തുളസി പന്ത്രണ്ടും യു.ഡി.എഫിലെ സി. കുഞ്ഞാമിന 7 വോട്ടും നേടി. ഒരു വോട്ട് അസാധുവായി. യുഡിഎഫിലെ ഒരു അംഗം ഒപ്പിടാത്തതിനാലാണ് ഒരു വോട്ട് അസാധുവായത്. എല്‍.ഡി.എഫിലെ വി.വി.തുളസി ഏഴിനെതിരെ 12 വോട്ടുകള്‍ നേടി അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് പഞ്ചായത്ത് ഹാളില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ വി.വി. തുളസി ദൃഢ പ്രതിജ്ഞ ചെയ്ത് പ്രസിഡണ്ടായി സ്ഥാനമേറ്റു. ചടങ്ങില്‍ എല്‍ഡിഎഫിലെ വിവിധ കക്ഷി നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും പങ്കെടുത്തു. സിപിഐഎം കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി അംഗം പി. കെ. നിഷാന്ത് പ്രസിഡണ്ട് വി.വി. തുളസിയെ ഷാള്‍ അണിയിച്ച് അഭിവാദ്യം ചെയ്തു. അജാനൂര്‍ പഞ്ചായത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ തന്റേതായ കയ്യൊപ്പ് ചാര്‍ത്തും എന്നും മുഴുവനാളുകളുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു എന്നും പ്രസിഡണ്ട് തുളസി പറഞ്ഞു.