ജില്ലയുടെ മലയോര മേഖലകളുടെ മുഖച്ഛായ മാറ്റുന്ന 126.30 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മലയോര ഹൈവേ പദ്ധതി അതിവേഗം പുരോഗമിന്നു. നന്ദാരപദവ് മുതല്‍ ചെറുപുഴ വരെ നീളുന്ന ഈ സ്വപ്നപാത 3500 കോടി രൂപയുടെ ബൃഹദ് പദ്ധതിയുടെ ഭാഗമായാണ് വിഭാവനം ചെയ്തിരിക്കുന്നത്. ആകെ നാല് റീച്ചുകളിലായി ക്രമീകരിച്ചിരിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഒന്നാം റീച്ചായ നന്ദാരപ്പദവ് – ചേവാര്‍ പാതയുടെ 24 കിലോമീറ്റര്‍ ദൂരം ഇതിനോടകം തന്നെ പൂര്‍ത്തിയായിക്കഴിഞ്ഞു.
വനഭൂമി ഉള്‍പ്പെടാത്ത ഈ ഭാഗം 2021 ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കി പൊതുമരാമത്ത് വകുപ്പിന് കൈമാറിയിട്ടുണ്ട്. രണ്ടാം റീച്ചായ ചേവാര്‍ മുതല്‍ എടപ്പറമ്പ് വരെയുള്ള 28 കിലോമീറ്റര്‍ പാതയുടെ നിര്‍മ്മാണം ദ്രുതഗതിയിലാണ് പുരോഗമിക്കുന്നത്. എടപ്പറമ്പ് ഭാഗത്ത് നാല് കിലോമീറ്റര്‍ സ്ഥലമേറ്റെടുപ്പിലെ തടസ്സങ്ങള്‍ കാരണം നിലവില്‍ ഒഴിവാക്കിയിട്ടുണ്ടെങ്കിലും ബാക്കിയുള്ള ഭാഗങ്ങളിലെ നിര്‍മ്മാണം ഈ മാസം പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ ജില്ലയുടെ ഉള്‍പ്രദേശങ്ങളിലെ യാത്രാക്ലേശത്തിന് വലിയ പരിഹാരമാകും.
മൂന്നും നാലും റീച്ചുകളില്‍ വനഭൂമിയിലൂടെയുള്ള പാത നിര്‍മ്മാണമാണ് പ്രധാന വെല്ലുവിളിയായി നില്‍ക്കുന്നത്. കോളിച്ചാല്‍ മുതല്‍ എടപ്പറമ്പ് വരെയുള്ള മൂന്നാം റീച്ചില്‍ 3.95 കിലോമീറ്റര്‍ വനഭൂമിയുണ്ട്. ഇതിന് പകരമായി വനംവകുപ്പിന് നല്‍കേണ്ട 4.33 ഹെക്ടര്‍ ഭൂമിയുടെ വിവരങ്ങളും ജിയോ കോര്‍ഡിനേറ്റ് സര്‍വ്വേ സ്‌കെച്ചും കേന്ദ്ര പരിവേഷ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. വനംവകുപ്പിന്റെ അന്തിമ അനുമതി ലഭിക്കുന്നതോടെ ഈ ഭാഗത്തെ തടസ്സങ്ങള്‍ നീങ്ങും. മൂന്നാം റീച്ചില്‍ വനഭൂമി ഒഴികെയുള്ള ഭാഗങ്ങളിലെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്.
അതേസമയം, നാലാം റീച്ചായ കോളിച്ചാല്‍ – ചെറുപുഴ പാതയില്‍ വനഭൂമി ഒഴികെയുള്ള ഭാഗങ്ങളിലെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. വനമേഖലയിലൂടെ കടന്നുപോകുന്ന 3.19 കിലോമീറ്ററില്‍ അതിര്‍ത്തി കല്ലുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കി, നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിശദമായ പദ്ധതിരേഖ (DPR) സമര്‍പ്പിച്ചിരിക്കുകയാണ്. വനഭൂമി സംബന്ധിച്ച സാങ്കേതിക തടസ്സങ്ങള്‍ കൂടി നീങ്ങുന്നതോടെ കാസര്‍കോട് ജില്ലയുടെ കിഴക്കന്‍ മേഖലകളെ കോര്‍ത്തിണക്കുന്ന ഈ മഹാപാത പൂര്‍ണ്ണരൂപത്തിലാകും. ഇത് കര്‍ഷകര്‍ക്കും വിനോദസഞ്ചാര മേഖലയ്ക്കും വലിയ ഉണര്‍വ് നല്‍കും.
കടലോര വികസനത്തിന് പുത്തന്‍ വേഗം: ജില്ലയില്‍ തീരദേശ ഹൈവേ നിര്‍ണ്ണായക ഘട്ടത്തിലേക്ക്
കേരളത്തിന്റെ തീരദേശ മേഖലയുടെ മുഖച്ഛായ മാറ്റുന്ന സ്വപ്ന പദ്ധതിയായ തീരദേശ ഹൈവേ കാസര്‍കോട് ജില്ലയില്‍ പുരോഗമനത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടക്കുന്നു. കണ്ണൂര്‍ ജില്ലയിലെ രാമന്തളി പഞ്ചായത്തിനെയും കാസര്‍കോട് ജില്ലയിലെ വലിയപറമ്പയെയും ബന്ധിപ്പിക്കുന്ന പാണ്ഡ്യാലക്കടവ് (വലിയപറമ്പ) പാലം മുതല്‍ ഉദുമ മണ്ഡലത്തിലെ പൂച്ചക്കാട് വരെ ഏകദേശം 37.8 കിലോമീറ്റര്‍ ദൂരത്തിലാണ് ജില്ലയില്‍ ഈ പാത കടന്നുപോകുന്നത്.
പദ്ധതിയുടെ പ്രധാന ഘടകമായ വലിയപറമ്പ പാലം നിര്‍മ്മാണത്തിനായി 59.94 കോടി രൂപയുടെ സാമ്പത്തികാനുമതി ലഭിച്ചതോടെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു. തീരദേശ മേഖലയിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനും പ്രദേശത്തിന്റെ സമഗ്ര വികസനത്തിനും ഇത് വലിയ മുന്നേറ്റമായാണ് വിലയിരുത്തപ്പെടുന്നത്.
സംസ്ഥാനത്ത് തീരദേശ ഹൈവേ പദ്ധതിക്കായി സര്‍ക്കാര്‍ 6500 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്. കാസര്‍കോട് ജില്ലയില്‍ പാണ്ഡ്യാലക്കടവ് മുതല്‍ അഴിത്തല വരെ 15.5 കിലോമീറ്റര്‍ ദൂരത്തില്‍ അതിര്‍ത്തി കല്ലുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. തുടര്‍ നടപടികള്‍ പുരോഗമിക്കുകയാണ്.
ടൂറിസം മേഖലയ്ക്ക് പുതിയ സാധ്യതകള്‍
വെറുമൊരു ഗതാഗത പാത മാത്രമല്ല, വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ ചിറകുകള്‍ നല്‍കുന്ന പദ്ധതിയായി തീരദേശ ഹൈവേ മാറും. യാത്രക്കാരുടെ സൗകര്യത്തിനായി പാതയോരങ്ങളില്‍ അമിനിറ്റി സെന്ററുകള്‍ ഉള്‍പ്പെടെ വിവിധ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനാണ് പദ്ധതി. ഇതിനായി ജില്ലയില്‍ ഏകദേശം പത്ത് ഹെക്ടര്‍ ഭൂമി ഏറ്റെടുക്കും.
ഈ സൗകര്യങ്ങള്‍ വികസിക്കുന്നതോടെ കാസര്‍കോടിന്റെ തീരദേശ ടൂറിസം മേഖലക്ക് കൂടുതല്‍ ചലനവും വളര്‍ച്ചയും ലഭിക്കും. ബേക്കല്‍, കാപ്പില്‍, വലിയപറമ്പ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ വരവ് വര്‍ധിക്കുകയും പ്രദേശത്തിന്റെ സാമ്പത്തിക വളര്‍ച്ചക്കും തൊഴില്‍ അവസരങ്ങള്‍ക്കും വലിയ സഹായമാകുകയും ചെയ്യും. തീരദേശ മേഖലയിലെ ജനങ്ങളുടെ യാത്രാ സൗകര്യവും വികസന സാധ്യതകളും വര്‍ധിപ്പിക്കുന്ന പദ്ധതിയായി തീരദേശ ഹൈവേ മാറുമെന്ന വലിയ പ്രതീക്ഷയിലാണെന്ന് കെ.ആര്‍.എഫ്.ബി റോഡുകളും പാലങ്ങളും എക്സിക്യുട്ടീവ് എഞ്ചിനീയര്‍ സി.ജെ കൃഷ്ണന്‍ പറഞ്ഞു.