തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം 2024: ജില്ലയിലെ വിജയികളെ അനുമോദിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ തൊഴിലും നൈപുണ്യവും വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നല്‍കുന്ന ‘തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം 2024’ വിജയികള്‍ക്കുള്ള അനുമോദനം സംഘടിപ്പിച്ചു. സംസ്ഥാനത്തെ 20 വ്യത്യസ്ത തൊഴില്‍ മേഖലകളിലെ ഏറ്റവും മികച്ച തൊഴിലാളികള്‍ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങളില്‍ മൂന്നെണ്ണമാണ് ഇത്തവണ കാസര്‍കോടിന് ലഭിച്ചത്. വിവിധ തൊഴില്‍ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് പുരസ്‌കാരത്തിന് അര്‍ഹരായ മേരി മെല്‍ഡ, ബബിത ബേബി, എ.ഷിബു എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ വിജയികള്‍ക്കുള്ള ഉപഹാരം നല്‍കി. പുരസ്‌ക്കാരത്തിന് അര്‍ഹമായ എല്ലാവരെയും ജില്ലാ കളക്ടര്‍ അഭിനന്ദിച്ചു. കാസര്‍കോട് ജില്ലയ്ക്ക് ഇത് അഭിമാന നിമിഷമാണെന്നും അദ്ദേഹം പറഞ്ഞു.

ചെറുവത്തൂര്‍ മടക്കരയിലെ റസ്റ്റോറന്റില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ജോലി ചെയ്തുവരുന്ന മേരി മെല്‍ഡയാണ് പാചക മികവിനുള്ള പുരസ്‌കാരത്തിന് അര്‍ഹയായത്. സൗന്ദര്യവര്‍ദ്ധക രംഗത്തെ മികച്ച പ്രവര്‍ത്തനത്തിനാണ് കാഞ്ഞങ്ങാട് സ്വദേശിനിയായ ബബിത ബേബിയെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. കള്ള് ചെത്ത് മേഖലയില്‍ നിന്നുള്ള പുരസ്‌കാര ജേതാവാണ് പൊയിനാച്ചി സ്വദേശിയായ ഷിബു. പതിനേഴ് വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം ദിനംപ്രതി മൂന്നുനേരമായി പത്തോളം തെങ്ങുകള്‍ ചെത്തുന്നുണ്ട്. നഴ്സിംഗ് മേഖലയില്‍ കഴിവ് തെളിയിച്ചത് സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനം നേടിയ വി.പി വീഷ്മയെയും ചടങ്ങില്‍ അനുമോദിച്ചു. കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ (ജനറല്‍) വി.അവിനാഷ് സുന്ദര്‍, കാസര്‍കോട് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ എം.ടി.പി. ഫൈസല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) വി. സബീഷ് സ്വാഗതവും അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ (ഗ്രേഡ്-1) കെ. മനോജ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *