ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മെഗാ എക്‌സിബിഷന്‍ ‘ഒമ്‌നിലക്‌സ് 2K 25’ വിജയകരമായി സമാപിച്ചു. വിദ്യാര്‍ത്ഥികള്‍ സ്വന്തം കഴിവും സൃഷ്ടിപരതയും പ്രകടിപ്പിക്കുന്ന വിധത്തില്‍ തയ്യാറാക്കിയ വൈവിധ്യമാര്‍ന്ന മോഡലുകളാണ് പ്രദര്‍ശനത്തിലുണ്ടായിരുന്നത്. സയന്‍സ്, ഗണിതശാസ്ത്രം, സോഷ്യല്‍ സയന്‍സ്, ആര്‍ക്കിയോളജി, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ്, ഡ്രോയിങ്, ഫോട്ടോഗ്രാഫി എന്നീ വിഭാഗങ്ങളിലായി ഒരുക്കിയ സ്റ്റാളുകള്‍ പ്രദര്‍ശനത്തിന് മികവേകി. കുട്ടികള്‍ക്ക് അവരുടെ അറിവും ആശയങ്ങളും പൊതുസമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കാനുള്ള അപൂര്‍വ അവസരമായിരുന്നു ഈ എക്‌സിബിഷന്‍.
അധ്യാപകരുടെ സുതാര്യമായ മാര്‍ഗനിര്‍ദേശത്തിലും മാതാപിതാക്കളുടെ ശക്തമായ പിന്തുണയോടെയും സ്‌കൂള്‍ മാനേജ്‌മെന്റിന്റെ നേതൃത്വത്തിലുമാണ് പരിപാടി സംഘടിപ്പിച്ചത്. കുട്ടികളിലെ ആത്മവിശ്വാസവും അന്വേഷണ മനോഭാവവും വളര്‍ത്തുന്നതില്‍ പ്രദര്‍ശനം നിര്‍ണായക പങ്കുവഹിച്ചു. മെഗാ എക്‌സിബിഷന്റെ ഉദ്ഘാടനം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ ജോസ് കളത്തിപ്പറമ്പില്‍ നിര്‍വഹിച്ചു. ഇത്തരം വിദ്യാഭ്യാസപരമായ പരിപാടികള്‍ വിദ്യാര്‍ത്ഥികളുടെ സര്‍വതോമുഖമായ വളര്‍ച്ചയ്ക്ക് സഹായകരമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. വിവിധ സ്‌കൂളുകളില്‍ നിന്നും നിരവധി കുട്ടികള്‍ എക്‌സിബിഷന്‍ കാണാന്‍ എത്തുകയുണ്ടായി. പൊതുജനങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് പരിപാടിക്ക് ലഭിച്ചത്