നടന്‍ ശ്രീനിവാസന്‍ അന്തരിച്ചു

മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത പ്രതിഭ, നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ (69) അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു. മദ്രാസ് ഫിലിം ചേംബര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് അഭിനയം പഠിച്ചിറങ്ങിയ ശ്രീനിവാസന്‍, സൂപ്പര്‍ താരം രജനികാന്തിന്റെ സഹപാഠിയായിരുന്നു. 1977-ല്‍ ‘മണിമുഴക്കം’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ അദ്ദേഹം നാല് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തില്‍ ഇരുനൂറിലധികം ചിത്രങ്ങളില്‍ വേഷമിട്ടു.

അഭിനയത്തിന് പുറമെ മലയാള സിനിമയുടെ ഗതി മാറ്റിയ തിരക്കഥാകൃത്തുകൂടിയായിരുന്നു അദ്ദേഹം. 1984-ല്‍ ‘ഓടരുത് അമ്മാവാ ആളറിയാം’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തിരക്കഥാ രചനയിലേക്ക് കടന്നത്. സാമൂഹിക വൈരുദ്ധ്യങ്ങളെയും സാധാരണക്കാരന്റെ ജീവിതത്തിലെ പൊള്ളത്തരങ്ങളെയും നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിക്കാന്‍ പ്രത്യേക വൈഭവമുണ്ടായിരുന്നു അദ്ദേഹത്തിന്. ആക്ഷേപഹാസ്യത്തിലൂടെ മലയാളിയെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത അദ്ദേഹം, ഹാസ്യത്തിന് ഗൗരവകരമായ ഒരു മുഖം നല്‍കി.

സംവിധായകന്‍ എന്ന നിലയിലും ശ്രീനിവാസന്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചു. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ‘വടക്കുനോക്കി യന്ത്രം’ ഇന്നും മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായി കണക്കാക്കപ്പെടുന്നു. ‘ചിന്താവിഷ്ടയായ ശ്യാമള’ എന്ന ചിത്രം സാമൂഹ്യ വിമര്‍ശനത്തിനൊപ്പം സ്ത്രീപക്ഷ ചിന്തകള്‍ക്കും മുന്‍തൂക്കം നല്‍കിയ കൃതിയായിരുന്നു. സാഹിത്യത്തില്‍ വൈക്കം മുഹമ്മദ് ബഷീറിനെപ്പോലെ, സിനിമയില്‍ ലളിതവും എന്നാല്‍ ആഴത്തിലുള്ളതുമായ ഭാഷാ ശൈലിയിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്നാണ് ആ ഇതിഹാസം വിടവാങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *