ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലാമേളയായ 64-ാമത് കേരള സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയാകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
2026 ജനുവരി 14 മുതല്‍ 18 വരെ സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരിലെ വിവിധ വേദികളിലായാണ് കലോല്‍സവം നടക്കുന്നത്. കലോത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനും പ്രധാന ഔദ്യോഗിക കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതിനുമായി 2025 ഡിസംബര്‍ 20ന് വിപുലമായ പരിപാടികള്‍ തൃശ്ശൂരില്‍ സംഘടിപ്പിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങുകളില്‍ റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു എന്നിവരും പങ്കെടുക്കും.
രാവിലെ 11 ന് തേക്കിന്‍കാട് മൈതാനത്ത് വെച്ച് കലോത്സവ പന്തലിന്റെ കാല്‍നാട്ടു കര്‍മ്മം നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് തൃശ്ശൂര്‍ ഗവണ്‍മെന്റ് മോഡല്‍ ഗേള്‍സ് എച്ച്.എസ്.എസിലെ സ്വാഗതസംഘം ഓഫീസില്‍ വെച്ച് കലോത്സവ ലോഗോ പ്രകാശനം, മീഡിയ അവാര്‍ഡ് പ്രഖ്യാപനം, പ്രോഗ്രാം ഷെഡ്യൂള്‍ പ്രകാശനം എന്നിവ നടക്കും.തുടര്‍ന്ന് വിവിധ കമ്മിറ്റി ചെയര്‍മാന്‍മാരുടെയും കണ്‍വീനര്‍മാരുടെയും അവലോകന യോഗം ചേരും.
കേരളത്തിന്റെ സമ്പന്നമായ കലാപൈതൃകവും തൃശ്ശൂരിന്റെ സാംസ്‌കാരിക ചിഹ്നങ്ങളും കോര്‍ത്തിണക്കി തയ്യാറാക്കിയ ലോഗോയാണ് 64-ാമത് കലോത്സവത്തിന്റെ ഔദ്യോഗിക ലോഗോയായി തിരഞ്ഞെടുത്തത്.
5 ദിവസങ്ങളിലായി 239 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 96 ഇനങ്ങളും, ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 105 ഇനങ്ങളും സംസ്‌കൃതോത്സവത്തില്‍ 19 ഇനങ്ങളും അറബിക് കലോത്സവത്തില്‍ 19 ഇനങ്ങളും ആണ് ഉള്ളത്. മത്സരാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത വിധത്തിലും കാണികള്‍ക്ക് ആസ്വദിക്കാവുന്ന രീതിയിലുമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. സ്വാഗതസംഘത്തിന്റെ കീഴിലുള്ള വിവിധ സബ് കമ്മിറ്റികളുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. വേദി, ഭക്ഷണശാല, താമസം, സുരക്ഷ, ഗതാഗതം തുടങ്ങി എല്ലാ കാര്യങ്ങളിലെയും ക്രമീകരണങ്ങളിലെ പുരോഗതി യോഗം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.