കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിനെതിരെ ബറോഡയ്ക്ക് 286 റൺസ് വിജയം

വഡോദര: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിന് ബറോഡയോട് 286 റൺസിൻ്റെ തോൽവി. വിജയ ലക്ഷ്യമായ 591 റൺസ് പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 304 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. സെഞ്ച്വറി നേടിയ ഹൃഷികേശിൻ്റെ പ്രകടനം തോൽവിക്കിടയിലും കേരളത്തിന് ആശ്വാസമായി.

ഒരു വിക്കറ്റിന് 34 റൺസെന്ന നിലയിൽ അവസാന ദിവസം കളി തുടങ്ങിയ കേരളത്തിന് 16 റൺസെടുത്ത ഓപ്പണർ ജോയ്ഫിൻ്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ അമയ് മനോജും അഭിനവ് കെ വിയും ചേ‍ർന്ന് 54 റൺസ് കൂട്ടിച്ചേ‍ർത്തു. 23 റൺെടുത്ത് അമയ് പുറത്തായതോടെയാണ് ഹൃഷികേശ് ക്രീസിലെത്തിയത്. ഹൃഷികേശും അഭിനവും ചേർന്ന കൂട്ടുകെട്ട് സമനിലയെന്ന പ്രതീക്ഷ സജീവമാക്കി. ഇരുവരും ചേർന്ന് 74 റൺസ് കൂട്ടിച്ചേ‍ർത്തു.  71 റൺസെടുത്ത അഭിനവിനെ പുറത്താക്കി കവിർ ദേശായി ആണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്.

തുട‍ർന്നെത്തിയവരിൽ ആ‍‌ർക്കും മികച്ച ഇന്നിങ്സ് കാഴ്ച വയ്ക്കാനായില്ല. ഒരറ്റത്ത് കരുതലോടെ നിലയുറപ്പിച്ച ഹൃഷികേശിൻ്റെ ഇന്നിങ്സാണ് കേരളത്തിൻ്റെ സ്കോ‍ർ 300 കടത്തിയത്. ഇഷാൻ കുനാലിനൊപ്പം 49 റൺസും തോമസ് മാത്യുവിനൊപ്പം 39 റൺസും ദേവഗിരിയ്ക്കൊപ്പം 21 റൺസുമാണ് ഹൃഷികേശ് കൂട്ടിച്ചേ‍ർത്തത്. ഒടുവിൽ 108 റൺസെടുത്ത ഹൃഷികേശ്, ഗൗരവിൻ്റെ പന്തിൽ പ്രിയൻഷു ജാധവ് ക്യാച്ചെടുത്താണ് പുറത്തായത്. 17 ബൗണ്ടറികൾ അടങ്ങുന്നതായിരുന്നു ഹൃഷികേശിൻ്റെ ഇന്നിങ്സ്. മാനവ് കൃഷ്ണ 22ഉം തോമസ് മാത്യുവും ഇഷാൻ കുനാലും 14 റൺസ് വീതവും നേടി. ബറോഡയ്ക്ക് വേണ്ടി കവിർ ദേശായിയും ഗൗരവും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

സ്കോർ
ബറോഡ  
ഒന്നാം ഇന്നിങ്സ് – 223, രണ്ടാം ഇന്നിങ്സ്  – 503/9 ഡിക്ലയേഡ്
കേരളം
ഒന്നാം ഇന്നിങ്സ് – 136, രണ്ടാം ഇന്നിങ്സ്  – 304

Leave a Reply

Your email address will not be published. Required fields are marked *