ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയെ ദശാബ്ദങ്ങളോളം കര്‍ശനമായി നിയന്ത്രിച്ച ചൈന, ഇപ്പോള്‍ ആ നയങ്ങളില്‍ നിന്ന് തികച്ചും വിപരീതമായ ഒരു വഴിയിലേക്ക് തിരിയുകയാണ്. ജനനനിരക്ക് കുത്തനെ ഇടിഞ്ഞതോടെ, കൂടുതല്‍ കുട്ടികളുണ്ടാകാന്‍ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് രാജ്യം. ഇതിന്റെ ഭാഗമായി, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായി ഗര്‍ഭനിരോധന മരുന്നുകള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കും മൂല്യവര്‍ദ്ധിത നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനം ചൈന പ്രഖ്യാപിച്ചിരിക്കുകയാണ്. 2025 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഈ നികുതി, ഗര്‍ഭനിരോധന ഉല്‍പ്പന്നങ്ങളെ, മറ്റ് സാധാരണ ചരക്കുകള്‍ക്ക് സമാനമായി 13% നികുതിക്ക് വിധേയമാക്കും. എന്നാല്‍, ഈ സാമ്പത്തിക നടപടി പൊതുജനാരോഗ്യ വിദഗ്ധര്‍ക്കിടയിലും സാധാരണക്കാര്‍ക്കിടയിലും വലിയ ആശങ്കകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കിയിരിക്കുകയാണ്.