കേരള സ്റ്റാര്‍ട്ടപ്പുകള്‍ 1000 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് യുഎഇ സംരംഭകര്‍

  • കെഎസ്യുഎമ്മിന്റെ ത്രിദിന ഹഡില്‍ ഗ്ലോബല്‍ 2025 ന് സമാപനം
  • കെഎസ്യുഎമ്മിന്റെ ‘ലീപ്എക്സ് എവിജിസി-എക്സ്ആര്‍ ആക്‌സിലറേറ്റര്‍ പ്രോഗ്രാം’ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: കേരളത്തിലെ ഇന്നൊവേഷന്‍ ആവാസവ്യവസ്ഥയ്ക്ക് ഉത്തേജനം നല്‍കി ഗ്ലോബല്‍ അലയന്‍സിന്റെ നേതൃത്വത്തില്‍ യുഎഇ ആസ്ഥാനമായുള്ള ഫീഡര്‍ ഫണ്ട്. മൂന്ന് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 1000 കോടി രൂപയുടെ ഫണ്ട് നല്‍കും. ആഗോള എന്‍ആര്‍ഐ സമൂഹത്തിന് കേരള സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ വളര്‍ച്ചയില്‍ പങ്കാളിത്തം നല്‍കുന്നതിനും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ (കെഎസ്യുഎം) ഫണ്ട്സ്-ഓഫ്-ഫണ്ട്സ് പ്രോഗ്രാമിനെ പിന്തുണയ്ക്കുന്നതിനുമാണ് ഫണ്ട് വിഭാവനം ചെയ്തിരിക്കുന്നത്. കോവളത്ത് കെഎസ്യുഎം സംഘടിപ്പിച്ച ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച്‌സൈഡ് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലായ ഹഡില്‍ ഗ്ലോബല്‍ ഏഴാം പതിപ്പിന്റെ സമാപന ചടങ്ങില്‍ കെഎസ്യുഎം സിഇഒ അനൂപ് അംബിക ഇക്കാര്യം പ്രഖ്യാപിച്ചു. ത്രിദിന സ്റ്റാര്‍ട്ടപ് സംഗമം സംസ്ഥാനത്തെ ഊര്‍ജ്ജസ്വലമായ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ പ്രദര്‍ശിപ്പിച്ചുവെന്ന് അനൂപ് അംബിക പറഞ്ഞു.

ഗ്ലോബല്‍ അലയന്‍സ് ആന്‍ഡ് സ്റ്റാര്‍ട്ടപ്പ് മിഡില്‍ ഈസ്റ്റ് സ്ഥാപകന്‍ സിബി സുധാകരന്‍, ഫൈന്‍ടൂള്‍സ് ട്രേഡിംഗ് ആന്‍ഡ് മരക്കാര്‍ ഹോള്‍ഡിംഗ്സ് മാനേജിംഗ് പാര്‍ട്ണര്‍ അബ്ദുള്‍ ഗഫൂര്‍, ഗള്‍ഫ് ഇസ്ലാമിക് ഇന്‍വെസ്റ്റ്‌മെന്റ്‌സിന്റെ പ്രൈവറ്റ് ഇക്വിറ്റി വൈസ് പ്രസിഡന്റ് പിയൂഷ് സുരാന, ഷാര്‍ജ അസറ്റ് മാനേജ്‌മെന്റിന്റെ ഇന്‍വെസ്റ്റ്‌മെന്റ്‌സ് ആന്‍ഡ് ന്യൂ വെഞ്ച്വേഴ്‌സ് മേധാവി അഭിഷേക് നായര്‍ എന്നിവരാണ് ധനസഹായത്തിന് പിന്നിലെ പ്രധാന വ്യക്തികള്‍.

ബെംഗളൂരുവിലെ സി-ഡാക്ക് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. എസ്.ഡി സുദര്‍ശന്‍, തമിഴ്നാട് സ്റ്റാര്‍ട്ടപ് മിഷന്‍ ഡയറക്ടറും സിഇഒയുമായ ശിവരാജ രാമനാഥന്‍, സംസ്ഥാന സര്‍ക്കാരിന്റെ ഹൈ പവര്‍ ഐടി കമ്മിറ്റി ലീഡ് ഐടി സ്ട്രാറ്റജിസ്റ്റ് പ്രജീത് പ്രഭാകരന്‍ എന്നിവര്‍ സമാപന സെഷനില്‍ പങ്കെടുത്തു.

ആനിമേഷന്‍, വിഷ്വല്‍ ഇഫക്ട്‌സ്, ഗെയിമിംഗ്, കോമിക്‌സ്, എക്സ്റ്റെന്‍ഡഡ് റിയാലിറ്റി (എവിജിസി-എക്‌സ്ആര്‍) മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള മൂന്ന് മാസത്തെ പ്രത്യേക പരിപാടിയായ കെഎസ്യുഎമ്മിന്റെ ‘ലീപ്എക്‌സ് എവിജിസി-എക്‌സ്ആര്‍ ആക്‌സിലറേറ്റര്‍ പ്രോഗ്രാം’ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഒറിജിനല്‍ ഐപി ക്രിയേഷന്‍, സാങ്കേതികവിദ്യാധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍, ആഗോള വിപണി സന്നദ്ധത എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഇത്.

തിരഞ്ഞെടുക്കപ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മെന്റര്‍ഷിപ്പ്, വ്യവസായ, സ്റ്റുഡിയോ പ്രവേശനം, നിക്ഷേപക ഇടപെടലുകള്‍, ഫണ്ടിംഗ് പിന്തുണ എന്നിവ ലഭിക്കും. നിക്ഷേപകര്‍ വഴി ഫോളോ-ഓണ്‍ ഫണ്ടിംഗ് നേടാനുള്ള അവസരങ്ങള്‍ക്കൊപ്പം യോഗ്യതയുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാര്‍ക്കറ്റൈസേഷന്‍ ഗ്രാന്റും ലഭിക്കും. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പുകള്‍ക്കും പ്രത്യേക ഇന്‍സെന്റിവുകളോടെ ഇന്ത്യയിലുടനീളമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അപേക്ഷിക്കാം. ഇതിനായി incubation@startupmission.in സന്ദര്‍ശിക്കുക.

കെഎസ്യുഎം റിസര്‍ച്ച് ഇന്നൊവേഷന്‍ നെറ്റ്വര്‍ക്ക്കേരള വഴി ടിആര്‍ഇഎസ്ടി റിസര്‍ച്ച് പാര്‍ക്കുമായി സഹകരിച്ച്, ഇലക്ട്രിക് മൊബിലിറ്റി മേഖലയിലെ നവീകരണം ത്വരിതപ്പെടുത്തുന്നതിനായി രൂപകല്‍പ്പന ചെയ്ത ഒരു കേന്ദ്രീകൃത ഇന്‍കുബേഷന്‍ പ്രോഗ്രാമായ ‘ഇവോള്‍വ്-ഇ.വി’ ഇന്നൊവേഷന്‍ കോഹോര്‍ട്ട്’ ആരംഭിച്ചു. വൈദ്യുത വാഹന ആവാസവ്യവസ്ഥയിലുടനീളം അത്യാധുനിക പരിഹാരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രാരംഭ ഘട്ട ഇന്നൊവേറ്റേഴ്സ്, ഗവേഷകര്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവരെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ ആറ് മാസത്തെ ഇന്‍കുബേഷന്‍ കൂട്ടായ്മയാണ് ഇവോള്‍വ്.

ഹഡില്‍ ഗ്ലോബലിന്റെ ഭാഗമായി നടന്ന 24 മണിക്കൂര്‍ ഏജന്റിക് എഐ ഹാക്കത്തോണില്‍, ടിസിഎസിലെ റിപ്പബ്ലിക് ഓഫ് കോഡേഴ്‌സ് ടീം ഒന്നാം സ്ഥാനം നേടി. ചെന്നൈയിലെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള പീക്കി ബ്ലൈന്‍ഡേഴ്‌സ് ഫസ്റ്റ് റണ്ണര്‍ അപ്പായി തിരഞ്ഞെടുക്കപ്പെട്ടു. കാല്‍പൈന്‍ ഗ്രൂപ്പ് ആന്‍ഡ് കോഗ്നിസന്റിലെ പോര്‍ട്ടിഫൈ പ്രത്യേക പരാമര്‍ശം നേടി. എല്ലാ വിജയികള്‍ക്കും കെഎസ്യുഎമ്മില്‍ നിന്ന് മെന്റര്‍ഷിപ്പും ഇന്‍കുബേഷന്‍ പിന്തുണയും ലഭിക്കും.

സംസ്ഥാന ടൂറിസം വകുപ്പുമായി സഹകരിച്ച് പൊതു ടോയ്‌ലറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിനായി സ്റ്റാര്‍ട്ടപ്പുകള്‍ക്കായി കെഎസ്യുഎം നടത്തിയ ഡിസൈന്‍ ചലഞ്ചിലെ വിജയികളെയും സമാപന സമ്മളനത്തില്‍ പ്രഖ്യാപിച്ചു. ലിലി ഹാപ്പിനസ് സൊല്യൂഷന്‍സ് മത്സരത്തില്‍ വിജയികളായി. ക്യൂറെറ്റയും സി-ഡിസ്‌ക് ടെക്നോളജീസും യഥാക്രമം രണ്ടും മൂന്നും സമ്മാനങ്ങള്‍ നേടി.

‘ദി ഇന്‍ക്ലൂസീവ് എഡ്ജ്: ഇന്‍ക്ലൂസീവ് വെഞ്ചേഴ്‌സ് ഷേപ്പിംഗ് ദി ഫ്യൂച്ചര്‍’ എന്ന വിഷയത്തില്‍ നടന്ന സെഷന്‍ വനിതാ-എല്‍ജിബിടി-ഭിന്നശേഷി സംരംഭകര്‍ ഉള്‍പ്പെടെയുള്ള പാനലിസ്റ്റുകളുടെ നിരയിലൂടെ ശ്രദ്ധേയമായിരുന്നു.

സ്റ്റാര്‍ട്ടപ്പ് സംഗമത്തില്‍ ഇന്ത്യയിലും വിദേശത്തുമുള്ള 3000 ത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍, 100 ഏയ്ഞ്ചല്‍ നിക്ഷേപകര്‍, നൂറിലധികം മെന്റര്‍മാര്‍, ഇരുന്നൂറിലധികം എച്ച്എന്‍ഐകള്‍, നൂറിലധികം കോര്‍പറേറ്റുകള്‍, നൂറ്റമ്പതിലധികം പ്രഭാഷകര്‍, നൂറിലധികം എക്‌സിബിറ്റേഴ്‌സ് തുടങ്ങിയവര്‍ പങ്കെടുത്തു. സ്റ്റാര്‍ട്ടപ്പുകള്‍ അവരുടെ നൂതന ഉല്‍പ്പന്നങ്ങളും പരിഹാരങ്ങളും സ്റ്റാര്‍ട്ടപ് സംഗമത്തില്‍ പുറത്തിറക്കി.

കേരളത്തെ വിജ്ഞാനാധിഷ്ഠിത വ്യവസായ കേന്ദ്രമായി മാറുന്നതിന് ഉത്തേജനം നല്‍കാന്‍ കഴിയുന്ന അടുത്ത തലമുറ ടെക് നവീകരണങ്ങളും സാങ്കേതികവിദ്യയും എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചു. എഡ്യൂടെക്, ഹെല്‍ത്ത് ടെക്, ഫിന്‍ ടെക്, ലൈഫ് സയന്‍സസ്, സ്പേസ് ടെക്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്/മെഷീന്‍ ലേണിംഗ്, ബ്ലോക്ക്ചെയിന്‍, റോബോട്ടിക്സ്, എആര്‍/വിആര്‍, ഐഒടി, ഗ്രീന്‍ ടെക്, ഇ-ഗവേണന്‍സ് എന്നിവയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഇതില്‍ ഉള്‍പ്പെട്ടു. ഹ്യൂമനോയിഡ് റോബോട്ടുകള്‍, ഓട്ടോണമസ് ഡ്രോണുകള്‍, സുസ്ഥിര ഊര്‍ജ്ജ പരിഹാരങ്ങള്‍, ബയോമെഡിക്കല്‍ ഉപകരണങ്ങള്‍, ആഗോള വെല്ലുവിളികളെ നേരിടാന്‍ രൂപകല്‍പ്പന ചെയ്ത സ്മാര്‍ട്ട് സിറ്റി നവീകരണങ്ങള്‍ എന്നിവ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

ഹഡില്‍ ഗ്ലോബല്‍ 2025 സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗ്, ബിസിനസ്സ്, സാങ്കേതികവിദ്യ എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. കൂടാതെ നൂതന ബിസിനസ് മോഡല്‍ തിരിച്ചറിയുകയും സ്റ്റാര്‍ട്ടപ്പുകള്‍ക്കായി മൂലധനം സമാഹരിക്കുകയും ചെയ്തു. പാനല്‍ സെഷനുകളും ചര്‍ച്ചകളും സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആഗോള സാങ്കേതികവിദ്യകളില്‍ നിന്ന് ഉയര്‍ന്നുവരുന്ന വലിയ അവസരങ്ങളെ എടുത്തുകാണിച്ചു.

Leave a Reply

Your email address will not be published. Required fields are marked *