വയനാട്: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിനെതിരെ സൗരാഷ്ട്രയ്ക്ക് വിജയം. എട്ട് വിക്കറ്റിനാണ് സൗരാഷ്ട്ര കേരളത്തെ തോല്പിച്ചത്. 81 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ സൗരാഷ്ട്ര രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
ഒരു വിക്കറ്റിന് എട്ട് റൺസെന്ന നിലയിൽ അവസാന ദിവസം ബാറ്റിങ്ങിന് ഇറങ്ങിയ സൗരാഷ്ട്ര അനായാസം ലക്ഷ്യത്തിലെത്തി. 15 റൺസെടുത്ത ഹിത് ബബേരിയ അമയ് മനോജിൻ്റെ പന്തിൽ പുറത്തായെങ്കിലും രുദ്ര ലഖാനയും മയൂർ റാഥോഡും ചേർന്ന് സൗരാഷ്ട്രയെ വിജയത്തിലെത്തിച്ചു. ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി നേടിയ രുദ്ര ലഖാന 43ഉം മയൂർ റാഥോഡ് 24ഉം റൺസെടുത്തു. ഒന്നാം ഇന്നിങ്സിലെ ബാറ്റിങ് തകർച്ചയാണ് മത്സരത്തിൽ കേരളത്തിന് തിരിച്ചടിയായത്. ഒന്നാം ഇന്നിങ്സിൽ വെറും 110 റൺസിന് ഓൾ ഔട്ടായ കേരളത്തിനെതിരെ സൗരാഷ്ട്ര 382 റൺസാണ് നേടിയത്. 272 റൺസിൻ്റെ ലീഡ് വഴങ്ങിയ കേരളം രണ്ടാം ഇന്നിങ്സിൽ 352 റൺസെടുത്തു. 189 റൺസ് നേടിയ ക്യാപ്റ്റൻ മാനവ് കൃഷ്ണയുടെ തകർപ്പൻ ഇന്നിങ്സായിരുന്നു രണ്ടാം ഇന്നിങ്സിൽ കേരളത്തിന് കരുത്ത് പകർന്നത്.