തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതിക്ക് സമീപം വേലമ്പാട് ടൈല്‍സ് ഫാക്ടറിയില്‍ ഉണ്ടായ വന്‍ സ്‌ഫോടനത്തില്‍ രണ്ട് തൊഴിലാളികള്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ടൈല്‍സ് നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരുന്ന എല്‍പിജി ടാങ്കര്‍ പൊട്ടിത്തെറിച്ചാണ് അപകടം നടന്നത്.
നവംബര്‍ 26 ന് രാവിലെ 11:30 ഓടെയാണ് ടൈല്‍സ് ഫാക്ടറിയില്‍ ദാരുണമായ സംഭവം അരങ്ങേറിയത്. എല്‍പിജി ടാങ്കറില്‍ ചോര്‍ച്ചയുണ്ടായതായി സംശയം തോന്നിയതിനെ തുടര്‍ന്ന് നൈട്രജന്‍ വാതകം ഉപയോഗിച്ച് പരിശോധന നടത്തുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്.
സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ഫാക്ടറിയില്‍ ഉണ്ടായിരുന്ന രണ്ട് തൊഴിലാളികള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. മരിച്ച ഇരുവര്‍ക്കും തലയ്ക്ക് ഗുരുതരമായി ക്ഷതമേറ്റു എന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ മൂന്ന് പേരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.