രാജപുരം : കാട്ടുമൃഗങ്ങള്‍ നാട്ടിറങ്ങി കൃഷിയിടങ്ങളിലുള്ളതെല്ലാം നശിപ്പിക്കുമ്പോഴും, കര്‍ഷകരെ സഹായിക്കാന്‍ ഒന്നും ചെയ്യാതെ കയ്യും കെട്ടി ഇരിക്കുകയാണ് അധികൃതര്‍. മലയോര പഞ്ചായത്തുകളിലൊന്നായ പനത്തടി പഞ്ചായത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലുമുള്ള കര്‍ഷകരുടേയും ഉറക്കം കെടുത്തുകയാണ് കാട്ടുമൃഗങ്ങള്‍. മാസങ്ങള്‍ക്ക് മുമ്പ് വരെ ആനകളും, കുരങ്ങുകളുമായിരുന്നു വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ കുറച്ച് കാലമായി കാട്ടുപന്നികളും കര്‍ഷകര്‍ക്ക് ഭീക്ഷണിയായിരിക്കുകയാണ് വാഴ, കപ്പ, ചേമ്പ്, ചേന തുടങ്ങിയ കാര്‍ഷിക വിളകള്‍ ഇവ നിരന്തരം നശിപ്പിക്കുകയാണ്. ദിവസങ്ങള്‍ മുമ്പ് റാണിപുരം കുറത്തിപ്പതിയിലെ കര്‍ഷകനായ പി കുഞ്ഞിരാമന്‍ നായരെ പന്നി അക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ഭാഗ്യം കൊണ്ടാണ് അന്ന് രക്ഷപെട്ടതെന്ന് വീട്ടുകാര്‍ പറയുന്നു. രാത്രിയില്‍ ഭക്ഷണം കഴിച്ച് കൈ കഴുകാന്‍ പുറത്തിറങ്ങിയപ്പോള്‍ പന്നി ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാടും, നാടും വ്യത്യാസമില്ലാതെ കാട്ടുപന്നികളുടെ ഉപദ്രവം രൂക്ഷമാണെന്ന് കര്‍ഷകര്‍ പറയുന്നു. സ്വകാര്യ വ്യക്തികളുടെ കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങള്‍ വെട്ടിത്തെളിക്കാത്തത് പന്നികള്‍ക്ക് താവളമടിക്കാന്‍ സഹായകമാകുന്നു. പനത്തടി ബളാംതോട് ഭാഗങ്ങളില്‍ എന്‍എസ്എസിന്റെ കാടുപിടിച്ചു കിടക്കുന്ന തോട്ടങ്ങള്‍ കാട്ടുപന്നികളുടെ സങ്കേതമാണെന്ന് അവിടെയുള്ളവര്‍ പറയുന്നു. ഈ കാടുകള്‍ വെട്ടിത്തെളിക്കാന്‍ കര്‍ഷകര്‍ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും ഒന്നും നടക്കുന്നില്ല എന്നും കര്‍ഷകര്‍ പറയുന്നു. കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്നതിനായി ഗവണ്‍മെന്റ് തലത്തില്‍ നടപ്പാക്കിയ ഒരു പദ്ധതിയും പഞ്ചായത്തില്‍ നടപ്പിലാക്കുന്നില്ല എന്നും കര്‍ഷകര്‍ പറയുന്നു.
കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവച്ച് കൊല്ലാന്‍ പഞ്ചായത്തിന് അധികാരം നല്‍കിയിട്ടുണ്ടെങ്കിലും അത് പ്രാവര്‍ത്തികമാക്കുവാന്‍ അധികാരികള്‍ ശ്രദ്ധിക്കുന്നില്ല എന്നും പഞ്ചായത്തില്‍ ഒരു ദിവസം മാത്രമാണ് ഷൂട്ടര്‍മാര്‍ എത്തിയതെന്നും പറയുന്നു. പകല്‍ സമയങ്ങളില്‍ മാത്രമാണ് വെടിവെക്കാനുള്ള അനുമതിയെന്നതും ഇവയെ കൊല്ലാനുള്ള തടസ്സമാകുന്നു. കാട്ടുപന്നികളെ പോലെ തന്നെ കുരങ്ങുകളും കര്‍ഷകര്‍ക്ക് വന്‍ നഷ്ടമാണ് വരുത്തുന്നത്. കൂട്ടമായെത്തുന്ന കുരങ്ങുകള്‍ തെങ്ങില്‍ കയറി മുഴുവന്‍ കരിക്കുകളും നശിപ്പിക്കുകയാണ്. ഇതുമൂലം തെങ്ങ് കൃഷിയെ ആശ്രയിച്ച് കഴിയുന്ന കര്‍ഷകര്‍ ദുരിതത്തിലാണ്.
മനുഷ്യ – വന്യജീവി സംഘര്‍ഷ ലഘൂകരണ പ്രശ്‌നപരിഹാര യജ്ഞത്തിന്റെ ഭാഗമായി വനം വകുപ്പ് തുടങ്ങിയ പരാതി പരിഹാര ഹെല്‍പ്പ് ഡെസ്‌ക്കുകളില്‍ പഞ്ചായത്തില്‍ നിന്ന് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. എന്നാല്‍ കാട്ടുമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കണ്ടെത്താനുള്ള ഒരു നടപടിയും അധികൃതര്‍ക്ക് സ്വീകരിക്കുവാന്‍ സാധിച്ചിട്ടില്ല എന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. ഇക്കാര്യങ്ങളില്‍ വനം വകുപ്പ് തുടരുന്ന നിസ്സംഗത ജനങ്ങളുടെ രോക്ഷത്തിന് കാരണമായിട്ടുണ്ട്. കര്‍ഷകര സഹായിക്കാന്‍ ഒരു നടപടിയും വനം വകുപ്പ് ചെയ്യുന്നില്ല എന്നാണ് കര്‍ഷകരുടെ ആരോപണം.
ശല്യക്കാരായ കാട്ടുമൃഗങ്ങളില്‍ നിന്ന് കര്‍ഷകരെ സംരക്ഷിക്കേണ്ടവര്‍ സാങ്കേതികത്വത്തിന്റെ പേരില്‍ കയ്യും കെട്ടി ഇരിക്കുമ്പോള്‍, വിഷമം ആരോട് പറയണം എന്നറിയാതെ തങ്ങളുടെ ജീവനോപാദി നശിക്കുന്നത് കണ്ണീരോടെ കണ്ടു നില്‍ക്കേണ്ടി വരുന്നേ ഗതികേടിലാണ് പാവം കര്‍ഷകര്‍.