തൃശൂര്‍: മൃഗപരിപാലനം, മാംസ സംസ്‌കരണം എന്നീ മേഖലകളില്‍ സാങ്കേതിക പിന്തുണയും അടിസ്ഥാന സൗകര്യവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ വെറ്ററിനറി സര്‍വകലാശാലയും ഇസാഫ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉപസ്ഥാപനമായ സെഡാര്‍ ഇന്റഗ്രേറ്റഡ് ഫുഡ് ടെക് പ്രൈവറ്റ് ലിമിറ്റഡും തമ്മില്‍ ധാരണയിലെത്തി. പ്രാദേശിക കര്‍ഷകര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കി വരുമാനം വര്‍ധിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മീറ്റ് പ്രോസസിംഗ് മേഖലയിലെ സാങ്കേതിക പിന്തുണ, പ്രാദേശിക സംരംഭകരേയും ഉല്‍പാദകരെയും സംയോജിപ്പിച്ച് മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ നിര്‍മാണം, മൃഗസംരക്ഷണ മേഖലയില്‍ ജീവനോപാധികള്‍ ആരംഭിക്കുന്നതിനുള്ള അവസരങ്ങള്‍, സെഡാറിലും വെറ്ററിനറി സര്‍വകലാശാല ക്യാംപസുകളിലും ഗവേഷണത്തിനും പരിശീലനത്തിനുമുള്ള സൗകര്യം, ടെക്‌നോളജി ഷെയറിംഗ്, പ്രാദേശിക കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തല്‍, സുസ്ഥിര കാര്‍ഷിക- മൃഗസംരക്ഷണ മാതൃകകള്‍ എന്നിവ പദ്ധതിയിലൂടെ ഉറപ്പുവരുത്തും. ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ സെഡാര്‍ ഇന്റഗ്രേറ്റഡ് ഫുഡ് ടെക് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ അലോക് തോമസ് പോള്‍, കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ. സുധീര്‍ ബാബു എന്നിവര്‍ ഒപ്പുവെച്ചു. ചടങ്ങില്‍ ഇസാഫ് ഗ്രൂപ്പ് സ്ഥാപകനും ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ എംഡിയും സിഇഒയുമായ ഡോ. കെ പോള്‍ തോമസ്, സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ എസ് അനില്‍, ഇസാഫ് ഗ്രൂപ്പ് സഹസ്ഥാപക മെറീന പോള്‍, ഇസാഫ് കോഓപ്പറേറ്റീവ് സിഇഒ ജോര്‍ജ് തോമസ്, മീറ്റ് ടെക്‌നോളജി യൂണിറ്റ് മേധാവി ഡോ. വി എന്‍ വാസുദേവന്‍ എന്നിവര്‍ പങ്കെടുത്തു.