മലദ്വാരത്തില്‍ എയര്‍ ഹോസ് കയറ്റി, ക്രൂരമായ തമാശയില്‍ കുടലുകള്‍ തകര്‍ന്നു! 15-കാരന് ദാരുണാന്ത്യം

തുര്‍ക്കിയില്‍ ജോലിസ്ഥലത്തെ സഹപ്രവര്‍ത്തകരുടെ ക്രൂരമായ ‘പ്രാങ്ക്’ ഒരു 15-കാരന്റെ ദാരുണമായ മരണത്തിന് കാരണമായി. മലാശയത്തിനുള്ളില്‍ ഉയര്‍ന്ന മര്‍ദ്ദമുള്ള എയര്‍ ഹോസ് തിരുകിക്കയറ്റിയതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ആണ്‍കുട്ടി അഞ്ച് ദിവസം മരണത്തോട് മല്ലിട്ട ശേഷം ഒടുവില്‍ കീഴടങ്ങി. തുര്‍ക്കിയില്‍ വലിയ പ്രതിഷേധത്തിന് കാരണമായ ഈ ഭയാനകമായ സംഭവം, തൊഴിലിടങ്ങളിലെ സുരക്ഷയെയും അക്രമാസക്തമായ തമാശകളുടെ സംസ്‌കാരത്തെയും കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുകയാണ്.

നവംബര്‍ 14-ന് സാന്‍ലിയുര്‍ഫയിലെ ബോസോവയിലെ ഒരു മരപ്പണിശാലയിലാണ് സംഭവം. അവിടെ അപ്രന്റീസായി ജോലി ചെയ്യുകയായിരുന്നു ഇരയായ മുഹമ്മദ് കെന്‍ഡിര്‍സി.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, സഹപ്രവര്‍ത്തകനായ ഹബീബ് അക്‌സോയിയും മറ്റൊരു അജ്ഞാത വ്യക്തിയും ചേര്‍ന്നാണ് മുഹമ്മദ് കെന്‍ഡിര്‍സിയെ ഉപദ്രവിച്ചത്.

തമാശയുടെ മറവില്‍, കെന്‍ഡിര്‍സിയെ ഭീഷണിപ്പെടുത്തി കൈകള്‍ കെട്ടിയിടുകയും പാന്റ് ബലമായി ഊരിമാറ്റുകയും ചെയ്തു. ഇതിനുശേഷം, പ്രതി മലാശയത്തിലേക്ക് കംപ്രസ് ചെയ്ത ഉയര്‍ന്ന മര്‍ദ്ദമുള്ള എയര്‍ ഹോസ് കയറ്റി. ആഘാതത്തില്‍ ആണ്‍കുട്ടിയുടെ കുടലും ഒന്നിലധികം ആന്തരിക അവയവങ്ങളും സാരമായി തകര്‍ന്നു.

ഗുരുതരാവസ്ഥയില്‍ കെന്‍ഡിര്‍സിയെ ബൊസോവ മെഹ്‌മെത് എന്‍വര്‍ യില്‍ഡിരിം സ്റ്റേറ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും, അവസ്ഥ ഗുരുതരമായതിനാല്‍ രണ്ടുതവണ മാറ്റി. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ആണ്‍കുട്ടി അഞ്ച് ദിവസം ജീവനുവേണ്ടി പോരാടി. ഒടുവില്‍ നവംബര്‍ 19-ന് മരണത്തിന് കീഴടങ്ങി.

പോലീസ് ഉടന്‍ തന്നെ അന്വേഷണം ആരംഭിക്കുകയും മുഖ്യപ്രതിയായ അക്‌സോയിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ടാമത്തെ പ്രതിക്കായി തിരച്ചില്‍ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *