ശബരിമലയില്‍ ഭക്തസാഗരം! ഇന്നലെ ദര്‍ശനം നടത്തിയത് 55,529 പേര്‍

മണ്ഡലകാലത്തിന് തുടക്കം കുറിച്ച് ശബരിമല നട തുറന്നതിന് പിന്നാലെ സന്നിധാനത്തേക്ക് തീര്‍ത്ഥാടകരുടെ വന്‍ ഒഴുക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസം മാത്രം 55,529 തീര്‍ത്ഥാടകരാണ് ദര്‍ശനം നടത്തിയത്. ഇത് ഇന്നലത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് എണ്ണമായ 30,000-ത്തേക്കാള്‍ വളരെ അധികമാണ്.

വര്‍ധിച്ചു വരുന്ന തിരക്കിന്റെ സൂചനയായി, വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് വഴി ഒരു ദിവസം 70,000 തീര്‍ത്ഥാടകര്‍ക്കാണ് ദര്‍ശനത്തിന് സൗകര്യമൊരുക്കിയിട്ടുള്ളതെങ്കിലും, ഡിസംബര്‍ 03 വരെയുള്ള ബുക്കിംഗ് ഇതിനോടകം പൂര്‍ത്തിയായിക്കഴിഞ്ഞു.

ബുക്കിംഗ് ലഭിക്കാത്ത തീര്‍ത്ഥാടകര്‍ക്കായി നിലവില്‍ ചെങ്ങന്നൂര്‍, എരുമേലി, വണ്ടിപ്പെരിയാര്‍ സത്രം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ സ്‌പോട്ട് ബുക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്‌പോട്ട് ബുക്കിംഗ് വഴി പ്രതിദിനം 20,000 തീര്‍ത്ഥാടകരെ വരെ പ്രവേശിപ്പിക്കാനാണ് തീരുമാനം.

എരുമേലി, സത്രം കാനന പാതകളിലെ സൗകര്യങ്ങള്‍ കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂടം വിലയിരുത്തിയിരുന്നു. ഇടുക്കി കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം പുല്ലുമേട് വഴി സന്നിധാനത്ത് എത്തി. ഇതിനെ തുടര്‍ന്ന് ഇന്ന് രാവിലെ 7 മണി മുതല്‍ സത്രം വഴി തീര്‍ഥാടകരെ പ്രവേശിപ്പിച്ചു തുടങ്ങി. തിരക്ക് നിയന്ത്രിക്കുന്നതിനായി പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളിലായി 18,000 പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *