നെടുമങ്ങാട്: വിവാഹമോചന കേസില്‍ ഒത്തുതീര്‍പ്പിനായി വാങ്ങിയ 40 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളായ അഭിഭാഷകയും സഹായിയും അറസ്റ്റില്‍. നെടുമങ്ങാട് പത്താംകല്ല് സ്വദേശിനിയും അഭിഭാഷകയുമായ യു. സുലേഖ (57), സുഹൃത്തും സഹായിയുമായ കരിപ്പൂര് സ്വദേശി അരുണ്‍ദേവ് (52) എന്നിവരാണ് പോലീസ് പിടിയിലായത്. കേസിലെ ഒന്നും മൂന്നും പ്രതികളാണിവര്‍. തമിഴ്നാട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇവരെ നെടുമങ്ങാട് സി.ഐ. രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാം പ്രതിയും സുലേഖയുടെ ഭര്‍ത്താവുമായ നസീര്‍ (59) ഒളിവിലാണ്.
കുടുംബകോടതിയിലെ തട്ടിപ്പ്
2025 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. നെടുമങ്ങാട് സ്വദേശി ഹാഷിമാണ് പരാതിക്കാരന്‍. വിവാഹമോചനവുമായി ബന്ധപ്പെട്ട് നെടുമങ്ങാട് കുടുംബകോടതിയില്‍ മധ്യസ്ഥത നടക്കുമ്പോള്‍, ഒത്തുതീര്‍പ്പ് വ്യവസ്ഥ പ്രകാരം എതിര്‍കക്ഷിക്ക് നല്‍കാനായി 40 ലക്ഷം രൂപ ഹാഷിം അഭിഭാഷകയായ സുലേഖയെ ഏല്‍പ്പിച്ചു.
എന്നാല്‍, 2025 ജൂലൈയില്‍ സുലേഖയുടെ ഭര്‍ത്താവിന്റെ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്ത ഈ തുക എതിര്‍കക്ഷിക്ക് കൈമാറാതെ ഇരുവരും സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയായിരുന്നു. ഇതോടെ ഹാഷിം അഭിഭാഷകയ്ക്കും ഭര്‍ത്താവിനുമെതിരെ പോലീസിലും ഹൈക്കോടതിയിലും പരാതി നല്‍കി.
ഒളിവില്‍പ്പോയ പ്രതികള്‍ക്കെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. പത്തു ദിവസത്തിനകം തുക മടക്കി നല്‍കാം എന്ന പ്രതികളുടെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ വാറന്റ് ഇടയ്ക്ക് മരവിപ്പിച്ചെങ്കിലും, സത്യവാങ്മൂല വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടതോടെ കോടതി നടപടി കടുപ്പിച്ചു. ഇതോടെ, സുലേഖയെ തമിഴ്‌നാട്ടില്‍ ഒളിവില്‍ പാര്‍ക്കാന്‍ സൗകര്യമൊരുക്കിയത് സുഹൃത്തായ അരുണ്‍ദേവാണ്. ഒളിവില്‍ കഴിഞ്ഞിരുന്ന ഇരുവരെയും ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് പോലീസ് അറസ്റ്റ് ചെയ്തത്.