ഗുജറാത്ത്: സാരിയുടെ പേരിലുണ്ടായ നിസ്സാര തര്‍ക്കത്തെത്തുടര്‍ന്ന് വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ പ്രതിശ്രുത വധുവിനെ യുവാവ് കൊലപ്പെടുത്തി. ഗുജറാത്തിലെ ഭാവ്‌നഗറിലെ ടെക്രി ചൗക്കിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് സാജന്‍ ബാരയ്യ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ടത് സോണി ഹിമ്മത് റാത്തോഡ് എന്ന യുവതിയാണ്.
പോലീസ് നല്‍കുന്ന വിവരം അനുസരിച്ച്, കഴിഞ്ഞ ഒന്നര വര്‍ഷമായി സാജനും സോണിയും ലിവ് ഇന്‍ പങ്കാളികളായിരുന്നു. പിന്നീട് ഇരുവരുടെയും വിവാഹ നിശ്ചയം നടക്കുകയും ശനിയാഴ്ച വിവാഹം നടക്കാനിരിക്കുകയുമായിരുന്നു.
എന്നാല്‍, വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ്, വിവാഹസാരിയെയും പണത്തെയും ചൊല്ലി ഇരുവരും തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായി. ഇതില്‍ പ്രകോപിതനായ സാജന്‍, കയ്യിലുണ്ടായിരുന്ന ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് സോണിയുടെ തലയ്ക്കടിക്കുകയായിരുന്നു. അതിനുശേഷം യുവതിയുടെ തല പിടിച്ച് ചുമരില്‍ ഇടിക്കുകയും ചെയ്തു. ആക്രമണത്തിന്റെ ആഘാതത്തില്‍ സോണി സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു.
കൊലപാതകത്തിന് ശേഷം സാജന്‍ വീടും അടിച്ചു തകര്‍ത്താണ് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്. ശനിയാഴ്ച അയല്‍ക്കാരുമായി സാജന്‍ തര്‍ക്കത്തിലേര്‍പ്പെട്ടതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ പരാതി ലഭിച്ചിരുന്നതായും പോലീസ് അറിയിച്ചു. പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.