ബീഹാര്‍: ബിഹാറിനെ ഞെട്ടിച്ച് കൊലപാതകം. വൈശാലി ജില്ലയിലെ ഹാജിപൂരിലുള്ള ഒരു സ്വകാര്യ ഹോസ്റ്റലില്‍ ഏഴ് വയസ്സുകാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഗോപാല്‍പൂര്‍ ചൗക്കിന് സമീപമുള്ള ഹോസ്റ്റല്‍ മുറിയിലാണ് ദാരുണമായ സംഭവം നടന്നത്. കുട്ടിയുടെ കഴുത്ത് അറുത്താണ് കൊലപ്പെടുത്തിയതെന്ന് കുടുംബം ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് ഹോസ്റ്റലിന്റെ ചില ഭാഗങ്ങള്‍ പ്രദേശവാസികള്‍ നശിപ്പിച്ചു. പോലീസും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
എസ്ഡിപിഒ (സദര്‍) ഗോപാല്‍ മണ്ഡല്‍ നല്‍കിയ വിവരമനുസരിച്ച്, ഫോറന്‍സിക് സംഘം കുറ്റകൃത്യം നടന്ന സ്ഥലം പരിശോധിക്കുകയാണ്. കൂടാതെ, ഹോസ്റ്റലിലെ സിസിടിവി ക്യാമറകള്‍ വിശദമായി വിശകലനം ചെയ്യുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഹോസ്റ്റല്‍ വാര്‍ഡന്‍ ഉള്‍പ്പെടെ നാല് പേരെ ചോദ്യം ചെയ്യുന്നതിനായി അധികൃതര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. കുടുംബത്തിന്റെ മൊഴികളുടെയും അന്വേഷണ കണ്ടെത്തലുകളുടെയും അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.