പത്തിന്റെ തിളക്കത്തില്‍ എച്ച്.എല്‍.എല്‍ അമൃത് ഫാര്‍മസി

നേട്ടമെത്തിയത് 6.85 കോടി ജനങ്ങളിലേക്ക്; അഭിമാനപദ്ധതി രാജ്യമാകെ വ്യാപിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി ജെ.പി.നദ്ദ

ഡല്‍ഹി/ തിരുവനന്തപുരം : രാജ്യത്ത് എച്ച്.എല്‍.എല്‍ അമൃത് ഫാര്‍മസികളുടെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ അമൃത് കാ ദസ്വാം വര്‍ഷ് പരിപാടി ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മിനി രത്‌ന പൊതുമേഖലാ സ്ഥാപനമായ എച്ച്.എല്‍.എല്‍ ലൈഫ്കെയര്‍ ലിമിറ്റഡിന്റെ സംരംഭമാണ് അമൃത് ഫാര്‍മസി.

അമൃത് പദ്ധതിയിലൂടെ രാജ്യത്ത് ഇതുവരെ 6.85 കോടി ആളുകള്‍ക്ക് പ്രയോജനം ലഭിച്ചെന്നും 17047 കോടി രൂപയുടെ മരുന്ന് ഇതിനോടകം വിതരണം ചെയ്‌തെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. അമൃത് ഫാര്‍മസികളുടെ എണ്ണം രാജ്യത്ത് 500 ആയി ഉയര്‍ത്തും. രാജ്യത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ജില്ലാ ആശുപത്രികളിലും അമൃത് ഫാര്‍മസികള്‍ തുടങ്ങണമെന്നും ഇതിലൂടെ എല്ലാ പൗരന്മാര്‍ക്കും കുറഞ്ഞ ചെലവില്‍ മരുന്ന് ലഭ്യമാകുമെന്നും ജെ.പി.നദ്ദ പറഞ്ഞു.

അമൃതിന്റെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് പത്ത് പുതിയ അമൃത് ഫാര്‍മസികള്‍ കൂടി തുറന്നു. 10 വര്‍ഷത്തെ സേവനം അനുസ്മരിക്കുന്നതിനായി പുറത്തിറക്കിയ സ്റ്റാമ്പിന്റെ പ്രകാശനം, അമൃത് ശൃംഖല ശക്തിപ്പെടുത്തുന്നതിന് AMRIT ITes – എക്കൊ ഗ്രീന്‍ വെര്‍ഷന്‍ 2.O ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനവും നടന്നു. എച്ച്.എല്‍.എല്‍ ലൈഫ്കെയര്‍ ലിമിറ്റഡ് ചെയര്‍പേഴ്സണ്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. അനിത തമ്പി, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.

അമൃത് പദ്ധതിയുടെ നടത്തിപ്പ് ഏജന്‍സിയായ എച്ച്.എല്‍.എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു മിനി രത്ന പൊതു മേഖലാ സ്ഥാപനമാണ്. ഇംപ്ലാന്റുകള്‍, ഗര്‍ഭനിരോധന ഉത്പന്നങ്ങള്‍, ആശുപത്രി ഉല്‍പ്പന്നങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ഹിന്ദ്‌ലാബ്സ് എന്ന ബ്രാന്‍ഡില്‍ ഡയഗ്നോസ്റ്റിക് സേവനങ്ങള്‍, അമൃത്, എച്ച്.എല്‍.എല്‍ ഫാര്‍മസി, എച്ച്.എല്‍.എല്‍ ഒപ്റ്റിക്കല്‍ എന്നീ റീട്ടെയില്‍ ശൃംഖലകള്‍, അടിസ്ഥാന സൗകര്യ വികസനം, സംഭരണ സേവനങ്ങള്‍, കണ്‍സള്‍ട്ടന്‍സി എന്നിവ ഉള്‍പ്പെടുന്ന വിശാലമായ പോര്‍ട്ട്ഫോളിയോ വഴിയാണ് എച്ച്.എല്‍.എല്‍ സമഗ്ര ആരോഗ്യപരിഹാര ദാതാവായി പ്രവര്‍ത്തിക്കുന്നത്. സ്ഥാപനം ഏഴ് അത്യാധുനിക ഫാക്ടറികളും അഞ്ച് അനുബന്ധ സ്ഥാപനങ്ങളും ഒരു കോര്‍പ്പറേറ്റ് ആര്‍ ആന്‍ഡ് ഡി സെന്ററും അടക്കം രാജ്യത്തിന്റെ ആരോഗ്യരംഗത്തില്‍ നവീകരണം നടപ്പാക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *