കൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടുപിടിക്കുമ്പോള്‍ സ്ഥാനാര്‍ത്ഥികളും മുന്നണികളും വോട്ടുറപ്പിക്കാന്‍ നെട്ടോട്ടമോടുകയാണ്. എന്നാല്‍ ഓടിനടന്ന് വോട്ട് ചോദിച്ചാല്‍ മാത്രം പോരാ, വോട്ടറുടെ മനസ്സ് കൂടി വായിച്ചറിയണം. ഈ ഘട്ടത്തിലാണ് കൊച്ചിയില്‍ നിന്നുള്ള പൊളിറ്റിക്കല്‍ സൈക്കോളജിസ്റ്റ് അഡ്വ. അവനീഷ് കോയിക്കരയുടെ സഹായം സ്ഥാനാര്‍ത്ഥികള്‍ തേടുന്നത്. തിരഞ്ഞെടുപ്പ് കളത്തിലിറങ്ങുന്നവര്‍ക്ക് ‘വിജയത്തിന്റെ മനഃശാസ്ത്രം’ പകര്‍ന്നുനല്‍കാന്‍ തിരക്കിട്ട പ്രവര്‍ത്തനങ്ങളിലാണ് ഇദ്ദേഹവും.
പ്രശാന്ത് കിഷോറും സുനില്‍ കനഗോലുവും ദേശീയ തലത്തില്‍ തന്ത്രങ്ങള്‍ മെനയുമ്പോള്‍, കേരളത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥാനാര്‍ത്ഥികളെ വാര്‍ത്തെടുക്കുകയാണ് അഡ്വ. അവനീഷ്. ഒരു ജനപ്രതിനിധി എങ്ങനെ ജനമധ്യത്തില്‍ പെരുമാറണം, വോട്ടര്‍മാരുടെ മനശാസ്ത്രം എങ്ങനെ വായിച്ചെടുക്കാം, പ്രസംഗം എങ്ങനെ ജനമനസ്സില്‍ തറയ്ക്കുന്നതാക്കാം, വോട്ടഭ്യര്‍ത്ഥിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട സൂക്ഷ്മമായ കാര്യങ്ങള്‍ എന്തെല്ലാം… തുടങ്ങി ഒരു സ്ഥാനാര്‍ത്ഥിയെ പൂര്‍ണ്ണമായും സജ്ജമാക്കുന്നതാണ് പരിശീലന രീതി.
‘പൊളിറ്റിക്കല്‍ മാസ്റ്ററി’ എന്ന പേരിലാണ് സൂം പ്ലാറ്റ്‌ഫോമിലൂടെയുള്ള ഈ പരിശീലനം. കോണ്‍ഗ്രസിന്റെ മുന്‍ വിദ്യാര്‍ത്ഥി നേതാവായിരുന്ന അവനീഷ്, 2019-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ശശി തരൂരിന്റെ നിര്‍ദ്ദേശപ്രകാരം പാര്‍ട്ടിയുടെ കേരളത്തിലെ വാട്‌സാപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചിരുന്നു. ഈ അനുഭവപരിചയമാണ് പിന്നീട് വിപുലമായ പരിശീലന പരിപാടിക്ക് അടിത്തറയായത്. വോട്ടേഴ്‌സ് റൈറ്റ്‌സ് ഫൗണ്ടേഷന്റെ നിര്‍ദ്ദേശാനുസൃതം ആരംഭിച്ച സൗജന്യ പരിശീലനത്തില്‍ ഇതിനോടകം 2300-ലധികം പേര്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ പങ്കെടുത്തിട്ടുണ്ട്. മികച്ച രാഷ്ട്രീയ പ്രവര്‍ത്തകര്‍ ജനപ്രതിനിധികളായി വരണം എന്നതു മാത്രമാണ് ഇതിന് പിന്നിലെ ലക്ഷ്യം.
സുപ്രീം കോടതിയിലും ഹൈക്കോടതിയിലും അഭിഭാഷകനായിരിക്കുമ്പോഴും സൈക്കോലീഗല്‍ കണ്‍സള്‍ട്ടന്റ്, ഓര്‍ഗനൈസേഷണല്‍ സൈക്കോളജിസ്റ്റ്, മാസ്റ്റര്‍ മൈന്‍ഡ് ട്രെയിനര്‍ എന്നീ നിലകളിലും അദ്ദേഹം സജീവമാണ്. നിയമത്തില്‍ ബിരുദവും സൈക്കോളജി, മാനേജ്‌മെന്റ്, ജേണലിസം എന്നിവയില്‍ ബിരുദാനന്തര ബിരുദവുമുള്ള അഡ്വ. അവനീഷ്, നിലവില്‍ രാജസ്ഥാനിലെ ശ്രീധര്‍ യൂണിവേഴ്‌സിറ്റിയില്‍ ‘തൊഴിലിട ആത്മീയത’ എന്ന വിഷയത്തില്‍ പിഎച്ച്ഡി ചെയ്യുകയാണ്.