തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃക പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. പെരുമാറ്റചട്ടം സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും ബാധകമായിരിക്കും. സ്വതന്ത്രവും നിഷ്പക്ഷവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പ് നടത്തുന്നതിനാണ് പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തുന്നത്. ജാതിയുടെയോ സമുദായത്തിന്റെയോ ഭാഷയുടെയോ പേരില്‍ വോട്ട് ചോദിക്കുകയോ മതസ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഉപയോഗിക്കാനോ പാടില്ല. മതപരമോ വംശപരമോ സമുദായപരമോ ഭാഷാപരമോ ആയ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നതും പരസ്പര വിദ്വേഷം ജനിപ്പിക്കുന്നതുമായ പ്രചാരണപ്രവര്‍ത്തനങ്ങളും പാടില്ല. മറ്റു സ്ഥാനാര്‍ത്ഥികളുടെയോ പ്രതിപക്ഷപാര്‍ട്ടി പ്രവര്‍ത്തകരുടെയോ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളും പാടില്ല.
കേന്ദ്രത്തിലോ സംസ്ഥാനത്തിലോ തദ്ദേശ സ്ഥാപനങ്ങളിലോ അധികാരത്തിരിക്കുന്ന കക്ഷി ഔദ്യോഗിക സ്ഥാനം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിനിയോഗിക്കരുത്. മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ തങ്ങളുടെ വിവേചനാധികാരം ഉപയോഗിച്ച് ആനുകൂല്യങ്ങള്‍ നല്‍കുകയോ പ്രഖ്യാപനങ്ങള്‍ നടത്തുകയോ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുകയോ ചെയ്യാന്‍ പാടില്ല. പുതിയ പദ്ധതികളോ സ്‌കീമുകളോ ആരംഭിക്കുകയോ ഉദ്ഘാടനം നടത്തുകയോ പാടില്ല. പെരുമാറ്റച്ചട്ടം സംബന്ധിച്ച പരാതികള്‍ പരിശോധിക്കുന്നതിന് ജില്ലകളില്‍ മോണിറ്ററിംഗ് കമ്മിറ്റി ഉണ്ടാകും. ജില്ലാ കളക്ടര്‍ അധ്യക്ഷനുംതദ്ദേശ വകുപ്പിലെ ജില്ലാ ജോയിന്റ് ഡയറക്ടര്‍, കണ്‍വീനറും ജില്ലാ പോലീസ് മേധാവി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, എന്നിവര്‍ കമ്മിറ്റിയില്‍ അംഗങ്ങളുമായിരിക്കും.