കേര സമൃദ്ധിക്കായി താത്രവന്‍ വളപ്പ് ഒരുങ്ങുന്നു. വിവിധ ഇനങ്ങളിലുള്ള ഹൈബ്രിഡ് തെങ്ങിന്‍ തൈകള്‍ നട്ടുകൊണ്ട് മുന്‍ പ്രവാസിയും കര്‍ഷകനുമായ രാജീവന്‍ തട്ടുമ്മലാണ് ഈ സദുദ്യമത്തിന് നേതൃത്വം നല്‍കുന്നത്

കാഞ്ഞങ്ങാട്: മുന്‍ പ്രവാസിയായ തട്ടുമ്മലിലെ കെ. രാജീവന്‍ തന്റെ ഉടമസ്ഥതയിലുള്ള രണ്ട് ഏക്കറോളം വരുന്ന കാടുമൂടി കിടന്ന സ്ഥലം വെട്ടിത്തളിച്ച് കൃഷിക്ക് ഉപയുക്തമാക്കാന്‍ മുന്നോട്ടുവന്നിരിക്കയാണ്. പൈതൃക സംരക്ഷണം ആഗ്രഹിക്കുന്ന വ്യക്തി എന്ന നിലയില്‍ രാജീവന്‍ തന്റെ അച്ഛനായ താത്രവന്‍ പൊക്കന്റെ സ്മരണയ്ക്കായാണ് ഈ വളപ്പിന് താത്രവന്‍ വളപ്പ് എന്ന പേര്‍ നല്‍കിക്കൊണ്ട് വേറിട്ട ഒരു കൃഷി സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിന് മുന്നോട്ട് വന്നിരിക്കുന്നത്. കൂടാതെ ബന്ധുക്കളായ താത്രവന്‍ പൊക്കന്‍, താത്ര വന്‍ ചന്തു, എന്നിവരുടെ സ്മരണ നിലനിര്‍ത്തുന്നതിനും ഇപ്പോള്‍ സഹായിയായ താത്രവന്‍ സുരേശന്റെ സേവനവും ഈ നാമത്തിന്റെ പിന്നിലുണ്ട്. ഇതിന്റെ ഭാഗമായി ഈ വളപ്പില്‍ ഹൈബ്രിഡ് തെങ്ങിന്‍ ഇനങ്ങള്‍ ആയ കേരഗംഗ, കേരശ്രീ, ലക്ഷഗംഗ തുടങ്ങി നാലോളം വിവിധ ഈനങ്ങളിലുള്ള തെങ്ങിന്‍ തൈകള്‍ വച്ച് പിടിപ്പിക്കുന്നത്തിനുള്ള ഉദ്യമത്തിനാണ് ആദ്യമായി മുന്നോട്ടു വന്നിരിക്കുന്നത്. ഇതിനായി പുരോഗമന പ്രസ്ഥാനമായ കര്‍ഷക സംഘത്തിന്റെ പൂര്‍ണ്ണ പിന്തുണയും രാജീവനുണ്ട്. ഹൈബ്രിഡ് തെങ്ങിന്‍ ഇനങ്ങള്‍ നടുന്നതിന്റെ ഉദ്ഘാടനം കര്‍ഷകസംഘം നേതാവ് മാടിക്കാല്‍ നാരായണന്‍ നിര്‍വഹിച്ചു. അഡ്വക്കറ്റ് എ. ഗംഗാധരന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വിജയന്‍ പാണം തോട്, രാജന്‍ വിഷ്ണുമംഗലം, സുരേശന്‍ വേലാ ശ്വരം എന്നിവര്‍ സംസാരിച്ചു. കെ. രാജീവന്‍ തട്ടുമ്മല്‍ സ്വാഗതം പറഞ്ഞു. തെങ്ങ് കൃഷിക്ക് പുറമേ വാഴ, വെള്ളരി തുടങ്ങിയ പച്ചക്കറി ഇനങ്ങളും ഇടവിളയായി കൃഷി ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് രാജീവന്‍ തട്ടുമ്മല്‍ പറഞ്ഞു. അജാനൂര്‍ കൃഷിഭവന്റെയും ഉദ്യോഗസ്ഥരുടെയും പൂര്‍ണ്ണ പിന്തുണ തനിക്ക് ഇതിനായി ലഭ്യമായിട്ടുണ്ടെന്നും രാജീവന്‍ പറഞ്ഞു. കൂടാതെ സഹധര്‍മ്മിണിയും റിട്ടയേഡ് ഹൈസ്‌കൂള്‍ ടീച്ചറുമായ ടി.പി. സുഷമയുടെയും മക്കളായ ബാംഗ്ലൂരില്‍ ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന സൂരജ് എസ്. ആര്‍, ഇന്ത്യന്‍ സൈനിക സേവന രംഗത്ത് മേജര്‍ റാങ്കിലുള്ള ശ്രീരാജ് എസ്.ആര്‍ എന്നിവരടങ്ങുന്ന തന്റെ കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണയാണ് ഇത്തരമൊരു പദ്ധതിയിലേക്ക് ഇറങ്ങുന്നതിന് തനിക്ക് പ്രചോദനമായതെന്നും അദ്ദേഹം പറഞ്ഞു. ബന്ധുക്കളുടെയും നാട്ടുകാരുടെയും പിന്തുണ എടുത്തു പറയത്തക്കതാ നെന്നും രാജീവന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *