വാസ്‌കുലാര്‍ രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാം; ‘ആംപ്യൂട്ടേഷന്‍ ഫ്രീ ഇന്ത്യ’ ബോധവല്‍ക്കരണ വാക്കത്തോണ്‍ സംഘടിപ്പിച്ചു

കൊച്ചി: രക്തധമനികളെ ബാധിക്കുന്ന വാസ്‌കുലാര്‍ രോഗങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍, ചികിത്സാ രീതികള്‍ എന്നിവയെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനായി നടത്തുന്ന രാജ്യവ്യാപക ക്യാംപെയ്ന്‍ ‘ആംപ്യൂട്ടേഷന്‍ ഫ്രീ ഇന്ത്യ’യുടെ ഭാഗമായി കൊച്ചിയില്‍ വാക്കത്തോണ്‍ സംഘടിപ്പിച്ചു. വാസ്‌കുലാര്‍ സൊസൈറ്റിയുടെ ഇന്ത്യ, കേരള ചാപ്റ്ററുകള്‍ അമൃത ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച വാക്കത്തോണ്‍ ശ്രീ. ഹൈബി ഈഡന്‍ എംപി ഫ്‌ലാഗ്ഓഫ് ചെയ്തു. വാസ്‌കുലാര്‍, ജീവിതശൈലി രോഗങ്ങളെക്കുറിച്ച് ആളുകള്‍ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണെന്ന് ശ്രീ. ഹൈബി ഈഡന്‍ എംപി പറഞ്ഞു. രോഗത്തെക്കുറിച്ചോ പ്രതിവിധികളെക്കുറിച്ചോ അറിവില്ലായ്മമൂലം നിരവധി ആളുകള്‍ക്ക് കൈകാലുകള്‍ നഷ്ടമാകുന്ന അവസ്ഥയുണ്ടെന്നും ഈ സാഹചര്യത്തെ പ്രതിരോധിക്കാന്‍ ആരംഭിച്ച ബോധവല്‍ക്കരണ ക്യാംപെയ്‌ന് ഏറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കളമശേരി ഡക്കാത്ത്‌ലോണില്‍ നിന്നും ആരംഭിച്ച വാക്കത്തോണില്‍ആരോഗ്യമേഖലയിലെ വിദഗ്ധര്‍, വിവിധ യുവജന ക്ലബ് അംഗങ്ങള്‍, പൊതുജനങ്ങള്‍ തുടങ്ങി ഏകദേശം മുന്നൂറോളം ആളുകള്‍ പങ്കെടുത്തു. പ്രമുഖ വാസ്‌കുലാര്‍ സര്‍ജന്മാരായ ഡോ. സിദ്ധാര്‍ഥ് വിശ്വനാഥന്‍, ഡോ. സുധീന്ദ്രന്‍ എസ്, ഡോ. വിമല്‍ ഐപ്, ഡോ. സലീഷ് എന്നിവര്‍ സംസാരിച്ചു. വാസ്‌കുലര്‍ രോഗങ്ങളുടെ മുന്‍കൂട്ടിയുള്ള നിര്‍ണയം, സമയബന്ധിത ചികിത്സ എന്നിവയുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് വാക്കത്തോണിന്റെ ലക്ഷ്യം. വാസ്‌കുലര്‍ രോഗങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ കാരണം കൈകാലുകള്‍ മുറിച്ചുമാറ്റേണ്ട ഗുരുതരമായ അവസ്ഥയിലേക്ക് രോഗികള്‍ നയിക്കപ്പെടുന്നു. പ്രത്യേകിച്ചും പ്രമേഹരോഗികളിലാണ് ഈ സാഹചര്യം കൂടുതലായുള്ളത്. രോഗം ബാധിച്ചുകഴിഞ്ഞാല്‍, ഒരു വാസ്‌കുലര്‍ സര്‍ജന്റെ കൃത്യസമയത്തുള്ള ഇടപെടല്‍ അനിവാര്യമാണ്. ആന്‍ജിയോപ്ലാസ്റ്റി, ബൈപാസ് സര്‍ജറി പോലുള്ള നൂതന ചികിത്സാരീതികളിലൂടെ 95% വരെ അംഗവിഛേദം ഒഴിവാക്കാനാകുമെന്ന് വാസ്‌കുലര്‍ സൊസൈറ്റി ഓഫ് കേരള പ്രസിഡന്റും സ്റ്റാര്‍കെയര്‍ ഹോസ്പിറ്റലിലെ വാസ്‌കുലര്‍ സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. സുനില്‍ രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *