ആലപ്പുഴ: ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെ മുട്ടക്കറിയുടെ പേരില്‍ തര്‍ക്കമുണ്ടാക്കുകയും, തുടര്‍ന്ന് ഹോട്ടലുടമയേയും ജീവനക്കാരിയെയും ആക്രമിക്കുകയും ചെയ്ത കേസില്‍ രണ്ട് യുവാക്കളെ മാരാരിക്കുളം പോലീസ് അറസ്റ്റ് ചെയ്തു. ചേര്‍ത്തല താലൂക്കില്‍ കഞ്ഞിക്കുഴി മരുത്തോര്‍വട്ടം സ്വദേശികളായ അനന്തു (27), കമല്‍ ദാസ് (25) എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ഒന്‍പതാം തീയതി വൈകിട്ട് പോറ്റിക്കവലയ്ക്ക് സമീപമുള്ള ഹോട്ടലിലാണ് സംഭവം. ഭക്ഷണം കഴിക്കാനെത്തിയ ഇരുവരും മുട്ടക്കറിയുടെ പേരില്‍ ഹോട്ടലുമായി തര്‍ക്കമുണ്ടാക്കി. തുടര്‍ന്ന്, ഹോട്ടലിന്റെ അടുക്കളയില്‍ അതിക്രമിച്ചു കയറിയ പ്രതികള്‍ കടയുടമയെയും ജോലിക്കാരിയെയും മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇതിനിടെ, ചപ്പാത്തി പരത്തുന്ന കോലെടുത്ത് കടയുടമയുടെ തലക്കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തു.
സംഭവത്തില്‍ നരഹത്യാശ്രമത്തിനാണ് മാരാരിക്കുളം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. നേരത്തെ, മാരാരിക്കുളം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും സ്റ്റേഷനിലെ സിസിടിവി കാമറ തകര്‍ക്കുകയും ചെയ്ത കേസുകളിലെ പ്രതികള്‍ കൂടിയാണ് ഇരുവരും. മാരാരിക്കുളം ഇന്‍സ്‌പെക്ടര്‍ മോഹിത് പി കെയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.