കാസര്‍ഗോഡ് : കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന നവ സംരംഭകര്‍ക്കു വേണ്ടിയുള്ള ഏഷ്യയിലെ തന്നെ ഏറ്റവും വലിയ യുവ -വിദ്യാര്‍ത്ഥി ഉച്ച കോടിയായ ഐ ഇ ഡി സി സമ്മിറ്റ് കാസര്‍ഗോഡ് നടക്കും. ഡിസംബര്‍ -22 ന് എല്‍.ബി.എസ്. കോളേജ് ഓഫ് എന്‍ജിനീയറിംഗിലാണ് പരിപാടി.
വിദ്യാര്‍ത്ഥികള്‍, യുവ ഗവേഷകര്‍ തുടങ്ങിയവര്‍ക്ക് അവരുടെ ആശയങ്ങള്‍ യാഥാര്‍ഥ്യമാക്കാനുള്ള പ്രചോദനവും വിദഗ്‌ധോപദേശവും സഹായവും നല്‍കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. സംരംഭകത്വം, സാങ്കേതിക നവീകരണം, സാമൂഹിക മാറ്റങ്ങള്‍ എന്നിവയില്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനും ഇതിലൂടെ ഉദ്ദേശിക്കുന്നു.
യുവജനങ്ങളില്‍ നൂതന ചിന്തകളും സംരംഭകത്വ കാഴ്ചപ്പാടുകളും വളര്‍ത്തുക. കോളേജുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, സംരംഭകര്‍, വ്യവസായ വിദഗ്ധര്‍ എന്നിവരെ ഒരുമിപ്പിക്കുന്ന വേദിയാകും ഇത്. വിദ്യാര്‍ത്ഥികളുടെ ആശയങ്ങളെ പ്രായോഗിക സ്റ്റാര്‍ട്ടപ്പുകളായി വളര്‍ത്താനുള്ള അവസരങ്ങള്‍ ഒരുക്കി കേരളത്തിന്റെ സംരംഭക ഭാവി രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വര്‍ഷം തോറും ഈ പരിപാടി സംഘടിപ്പിച്ചു വരുന്നത്.
സംസ്ഥാനത്തുടനീളമുള്ള 550-ലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നായി 1000-ത്തിലധികം അധ്യാപകരും 10,000-ത്തിലധികം വിദ്യാര്‍ത്ഥികളും ഇതില്‍ പങ്കെടുക്കും. കെ എസ് യു എമ്മിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഐഇഡിസി സെന്ററുകള്‍, സ്റ്റാര്‍ട്ടപ്പ് പ്രതിനിധികള്‍, ഗവേഷകര്‍, വ്യവസായ വിദഗ്ധര്‍, നവോത്ഥാന നേതാക്കള്‍ തുടങ്ങിയവര്‍ ഈ ഉച്ച കോടിയില്‍ പങ്കെടുക്കും.