പാണ്ടിക്കോട്ട് പള്ളത്തിന് സംരക്ഷണമൊരുക്കി നീലേശ്വരം സഗരസഭ. അപൂര്‍വ്വ ജലസസ്യങ്ങള്‍ വളരുന്ന പള്ളത്തിന്റെ സംരക്ഷണത്തിനായി കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെയും നീലേശ്വരം നഗരസഭയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ബി.എം.സി പദ്ധതി നടപ്പാക്കി. ബോര്‍ഡിന്റെ സാമ്പത്തികസഹായമായി മൂന്ന് ലക്ഷം രൂപയാണ് നഗരസഭയ്ക്ക് അനുവദിച്ചത്.
അര ഏക്കറോളം വിസ്തൃതിയുള്ള പള്ളം നിരവധി ജീവജാലങ്ങള്‍ക്ക് ആവാസവ്യവസ്ഥ ഒരുക്കുന്നതോടൊപ്പം സമീപ പ്രദേശങ്ങളിലെ ജലലഭ്യതയെയും ഗണ്യമായി സ്വാധീനിക്കുന്നുണ്ട്. ലോകത്ത് മറ്റെവിടെയും കാണാത്ത അപൂര്‍വ്വ സസ്യങ്ങള്‍ ഇവിടെയുണ്ട് എന്നത് പാണ്ടിക്കോട്ട് പള്ളത്തെ വ്യത്യസ്തമാക്കുന്നു. 2016ല്‍ മുള്ളന്‍ കൃഷ്ണകേസരം, കാസര്‍കോടന്‍ ബ്ലിക്സ എന്നീ സസ്യങ്ങള്‍ പള്ളത്തില്‍ നിന്ന് കാസര്‍കോട് ഗവണ്‍മെന്റ് കോളേജിലെ സസ്യശാസ്ത്ര വിഭാഗം കണ്ടെത്തിരുന്നു.
നെയ്തലാമ്പല്‍ വിഭാഗത്തില്‍പ്പെടുന്ന മുള്ളന്‍ കൃഷ്ണകേസരം വയലറ്റ് നിറത്തിലുള്ള കേസരങ്ങളുള്ള മനോഹരമായ ജലസസ്യമാണ്. വിത്തിന്റെ ഇരുവശങ്ങളിലുമുള്ള നീണ്ട മുള്ളുകളാണ് ഇതിന്റെ പ്രത്യേകത. ഹൈഡ്രോക്യാരിറ്റ്സിയേ കുടുംബത്തില്‍പ്പെട്ട കാസര്‍കോടന്‍ ബ്ലിക്സയില്‍ കാണപ്പെടുന്ന ജലപരാഗണ രീതി ഈ ജനസ്സില്‍ ആദ്യമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2012ല്‍ ജില്ലയില്‍ കണ്ടെത്തിയ മറ്റൊരു അപൂര്‍വ്വ ജലസസ്യമായ തുള്ളുനാടന്‍ റോട്ടാലയും പള്ളത്തില്‍ വളരുന്നു.
ഈ ജൈവ സമ്പത്തിന്റെ സംരക്ഷണത്തിനായി പള്ളത്തിന് ചുറ്റും കമ്പിവേലി കെട്ടി സംരക്ഷണ സംവിധാനം ഒരുക്കിയിട്ടുണ്ട്. വാഹനങ്ങള്‍ കഴുകുന്നത് പോലെയുള്ള പ്രവൃത്തിയിലൂടെ പള്ളത്തിലെ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടാതിരിക്കാന്‍ പ്രത്യേകം മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. പ്രകൃതിയോടുള്ള കടമയെന്ന നിലയില്‍ പാണ്ടിക്കോട്ട് പള്ളത്തിന്റെ സംരക്ഷണം നഗരസഭ ഗൗരവത്തോടെ എടുത്തിരിക്കുകയാണെന്നും ഭാവിയിലും പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ നഗരസഭ മുന്നണിയില്‍ തന്നെ തുടരുമെന്നും നഗരസഭാ അധ്യക്ഷ ടി.വി. ശാന്ത പറഞ്ഞു.