ന്യൂഡല്‍ഹി: ജന്മനാ കൈകളില്ലാത്ത അവസ്ഥയെ അതിജീവിച്ച് അമ്പെയ്ത്തില്‍ പുതിയ ചരിത്രം രചിച്ചിരിക്കുകയാണ് കശ്മീരിലെ അത്ലറ്റായ ശീതള്‍ ദേവി. പാരാലിമ്പിക്സ് മെഡല്‍ ജേതാവ് കൂടിയായ ഈ താരം ഇപ്പോള്‍ മറ്റൊരു അപൂര്‍വ നേട്ടത്തിന്റെ ഉടമയായിരിക്കുകയാണ്. അമ്പെയ്ത്തിലെ ഏഷ്യാ കപ്പ് സ്റ്റേജ് 3 ടൂര്‍ണമെന്റില്‍ പങ്കെടുക്കാനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയാണ് ശീതള്‍ പുതുചരിത്രം കുറിച്ചത്. ജനറല്‍ വിഭാഗത്തിലുള്ള (ഏബിള്‍ ബോഡീഡ്) അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ പാരാ അത്ലറ്റ് എന്ന ബഹുമതി ഇതോടെ ശീതളിന് സ്വന്തമായി.
സോനിപത്തില്‍ നടന്ന സെലക്ഷന്‍ ട്രയല്‍സില്‍ മികച്ച പ്രകടനമാണ് ശീതള്‍ കാഴ്ചവെച്ചത്. ട്രയല്‍സില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ശീതളിനെ ഇന്ത്യയുടെ ജൂനിയര്‍ ടീമിലേക്കാണ് തിരഞ്ഞെടുത്തത്. ഈ നേട്ടം തന്റെ സ്വപ്നത്തിലേക്ക് ഒരു പടികൂടി അടുക്കാന്‍ സഹായിച്ചതായി ശീതള്‍ പ്രതികരിച്ചു.