വന്യമൃഗ ശല്യം സോളാര്‍ വേലി ഉപയോഗിച്ച് സുരക്ഷ ഉറപ്പാക്കുന്നതില്‍ ജില്ലാ മുന്നില്‍; വനം വകുപ്പ് മന്ത്രി

മനുഷ്യ, വന്യജീവി സംഘര്‍ഷ ലഘൂകരണവുമായി ബന്ധപ്പെട്ട നിയന്ത്രണ സമിതി ജില്ലാതല യോഗം ചേര്‍ന്നു

വന്യജീവി സംഘര്‍ഷ ലഘുകരണത്തിനായി നിലവില്‍ ജില്ലയില്‍ സ്വീകരിച്ചു വരുന്ന ഫലപ്രദമായ പദ്ധതികളെ വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അഭിനന്ദിച്ചു. ഈ വര്‍ഷത്തോടെ സമ്പൂര്‍ണ്ണ സോളാര്‍ വേലികളാല്‍ സംരക്ഷിത ജില്ലയാക്കി കാസര്‍കോടിനെ ഉയര്‍ത്താനാവുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന മനുഷ്യ, വന്യജീവി സംഘര്‍ഷ ലഘൂകരണവുമായി ബന്ധപ്പെട്ട നിയന്ത്രണ സമിതി ജില്ലാതല യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.

സ്വകാര്യ ഭൂമിയില്‍ ഇറങ്ങുന്ന കാട്ടുപന്നികളെ ഉന്മൂലനം ചെയ്യുന്നതിനാവശ്യമായ നടപടികള്‍ ഊര്‍ജ്ജിതമായി ജില്ലയില്‍ നടപ്പാക്കണമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി പ്രശ്നബാധിത പഞ്ചായത്തുകളുടെ പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയവരുടെ അടിയന്തര യോഗം വിളിച്ചുകൂട്ടണമെന്ന് നിര്‍ദ്ദേശിച്ചു. ജില്ലയില്‍ വനങ്ങളിലൂടെ കടന്നു പോകുന്ന റോഡുകളില്‍ വന്യജീവികള്‍ വാഹനങ്ങളില്‍ ഇടിച്ചും മറ്റുമുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് വകുപ്പുകളുമായി സഹകരിച്ച് പ്രായോഗിക നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും മനുഷ്യവാസ മേഖലകളില്‍ ഇറങ്ങുന്ന പാമ്പുകളെ സുരക്ഷിതമായി പിടികൂടി താത്കാലികമായി പാര്‍പ്പിക്കുന്നതിനാവശ്യമായ സംവിധാനങ്ങള്‍ ഉണ്ടാക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. പനത്തടി, ബളാല്‍, ഈസ്റ്റ് എളേരി എന്നിവിടങ്ങളില്‍ നിര്‍മ്മാണത്തിലിരിക്കുന്ന സോളാര്‍ തൂക്കുവേലിയുടെ പരിചരണത്തിന് ഈസ്റ്റ് എളേരി പഞ്ചായത്തില്‍ നിന്നും ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപ അനുവദിച്ചിട്ടുണ്ട്. മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന സ്ഥലത്ത് വന്യജീവികള്‍ എത്താന്‍ സാധ്യതയുള്ളതിനാല്‍ മാലിന്യനിര്‍മാര്‍ജനത്തിനും തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ മന്ത്രി നിര്‍ദേശിച്ചു.

ആളുകള്‍ രാവിലെ നടത്തത്തിനിറങ്ങുന്ന സ്ഥലങ്ങളില്‍ മിന്നല്‍ പരിശോധന വേണമെന്ന് മന്ത്രി നിര്‍ദേശിച്ചു. വന്യജീവി ആക്രമണത്തില്‍ പരിക്കേറ്റവരുടെ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട്2025 മെയ് വരെയുള്ള അപേക്ഷകളില്‍ തുക നല്‍കിയിട്ടുണ്ട്. ബാക്കിയുള്ളവ ഫണ്ട് അനുവദിക്കുന്ന മുറയ്ക്ക് നല്‍കുമെന്ന് യോഗത്തില്‍ ഡി.എഫ്.ഒ അറിയിച്ചു. ചെറുവത്തൂര്‍ പഞ്ചായത്തിലെ കുളങ്ങാട്ടുമലഫോറസ്റ്റ് മേഖലയില്‍ മല ഇടിയുന്നതിനാല്‍ അക്കേഷ്യ മരങ്ങള്‍ നീക്കം ചെയ്യുന്നതിന് ദുരന്തനിവാരണ നിയമത്തില്‍ പെടുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഡി.എഫ്.ഒയെ യോഗം ചുമതലപ്പെടുത്തി.

യോഗത്തില്‍ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ജോസ് മാത്യു എന്നിവര്‍ സംസാരിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. കെ.വി ബിന്ദു, തദ്ദേശ സ്വയംഭരണം, പോലീസ്, ട്രൈബല്‍ ഡവലപ്മെന്റ് തുടങ്ങി വിവിധ വകുപ്പ് പ്രതിനിധികളും വനം വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *