നവകേരളത്തിലേക്കുള്ള യാത്രയില്‍ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് സംഘടിപ്പിച്ച ഒരു തൈ നടാം ജനകീയ വൃക്ഷവല്‍ക്കരണ ക്യാമ്പയിന്‍ അഭിമാനകരമായ നേട്ടമാണെന്ന് ലാന്‍ഡ് റവന്യൂ മന്ത്രി കെ. രാജന്‍. ക്യാമ്പയിനിലൂടെ ഒരു കോടി തൈകള്‍ നട്ടുപിടിപ്പിച്ചതിന്റെ പ്രഖ്യാപനം തൃശൂര്‍ ടൗണ്‍ ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ക്യാമ്പയിനില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളേയും ഉള്‍പ്പെടുത്തിയതിനാല്‍ വിദ്യാര്‍ത്ഥികളെ നമ്മുടെ നാടിനെ സംരക്ഷിക്കാനുള്ള സംസ്‌കാരത്തിന്റെ കാവല്‍ക്കാരായി മാറ്റാന്‍ കഴിഞ്ഞു. പ്രകൃതി പുനസ്ഥാപനത്തിനും വൃക്ഷവല്‍ക്കരണത്തിനും നാമേവരും ജാഗ്രത പുലര്‍ത്തണം എന്ന സന്ദേശം മുന്നോട്ടുവയ്ക്കാനും ഒരു തൈ നടാം ക്യാമ്പയിനു കഴിഞ്ഞതായി മന്ത്രി അഭിപ്രായപ്പെട്ടു. ക്യാമ്പയിനില്‍ നേതൃപരമായി പങ്കുവഹിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിതകര്‍മസേന, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ, ജനപ്രതിനിധികള്‍, ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ്, സോഷ്യല്‍ ഫോറസ്ട്രി, വിവിധ വകുപ്പുകള്‍, ഏജന്‍സികള്‍ എന്നിവരെ മന്ത്രി അഭിനന്ദിച്ചു. നട്ട തൈകളെ പരിപാലിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയത് ശ്രദ്ധേയമായെന്നും മന്ത്രി പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍സ് ജില്ലാ സെക്രട്ടറി കെ.ആര്‍. രവി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹരിതകേരളം മിഷന്‍ അസി. കോര്‍ഡിനേറ്റര്‍ ഹരിപ്രിയാ ദേവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മിഷന്‍ ഡയറക്ടര്‍ രഞ്ജിത് ഡി. ഐ.എ.എസ്. ക്യാമ്പയിന്‍ വീഡിയോ പ്രകാശനം നടത്തി. ചടങ്ങില്‍ കെ.എഫ്.ആര്‍.ഐ ഡയറക്ടര്‍ കണ്ണന്‍ സി.എസ്. വാര്യര്‍, സംസ്ഥാന ഔഷധസസ്യ ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ഔഷധി മാനേജിംഗ് ഡയറക്ടറുമായ ഹൃതിക് ഡി.കെ., തൃശൂര്‍ ഫോറസ്ട്രി ഡിവിഷന്‍ അസി. കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ശ്രീ. ടി.കെ. മനോജ്, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഷെര്‍ളി, നവകേരളം കര്‍മപദ്ധതി സംസ്ഥാന അസി. കോര്‍ഡിനേറ്റര്‍ ടി. പി. സുധാകരന്‍, തൃശൂര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ദിദിക സി. എന്നിവര്‍ സംസാരിച്ചു.