കാസര്‍കോട് ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി മടിക്കൈ ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ക്ക് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രന്‍ ശിലാസ്ഥാപനവും ഉദ്ഘാടനവും നടത്തി.
മടിക്കൈ പഞ്ചായത്തിന് അനുവദിച്ച ഷീ ജിം പദ്ധതിയുടെയും വയോജനങ്ങള്‍ക്കും പാലിയേറ്റീവ് രോഗികള്‍ക്കുമായി ഒരുക്കിയ ജെറിയാട്രിക് ഫുഡിന്റെയും ഉദ്ഘാടന കര്‍മ്മവും, വനിതാ വ്യവസായിക പരിശീലന കേന്ദ്രത്തിന്റെയും ഐ.ഐ.പി.ഡി റോഡിന്റെയും ശിലാസ്ഥാപനവും ചടങ്ങില്‍ നടന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ ജില്ലയില്‍ നിരവധി പുരസ്‌കാരങ്ങളുടെ പെരുമഴയാണ് പെയ്തിറങ്ങിയത് എന്നത് അഭിമാനകരമാണെന്നും, സ്ത്രീശാക്തീകരണത്തിനായി കുടുംബശ്രീ പദ്ധതിയുടെ അന്താരാഷ്ട്ര അംഗീകാരം കേരളത്തിന് അഭിമാനമാണെന്നും മന്ത്രി പറഞ്ഞു. സ്ത്രീകളുടെ ഉന്നമനത്തിന് ജില്ലാതലത്തില്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വികസന കുതിപ്പുമായി കേരളം ഇനിയും മുന്നോട്ട് പോകുമെന്നും മന്ത്രി വിശ്വാസം പ്രകടിപ്പിച്ചു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി. ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്. ബിജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍ കുടുംബശ്രീ ഡി.എം.സി. രതീഷ് കുമാര്‍ ജെറിയാട്രിക് ഫുഡ് ഉല്‍പ്പന്നമായ എല്‍ഡ മന്ത്രിക്കു കൈമാറി. സ്ഥിരം സമിതി അധ്യക്ഷരായ എം. അബ്ദുള്‍ റഹിമാന്‍, രമ പത്മനാഭന്‍, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ഹഫ്സത്ത്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ സജിത്ത് കുമാര്‍, കുടുംബശ്രീ എ.ഡി.എം.സി.മാരായ സി.എച്ച്. ഇക്ബാല്‍, ഹരിദാസ്, മടിക്കൈ സി.ഡി.എസ്. അധ്യക്ഷ റീന എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും നാട്ടുകാരും ചടങ്ങില്‍ സംബന്ധിച്ചു. മടിക്കൈ ഗ്രാമപഞ്ചായത്ത് അധ്യക്ഷ എസ്. പ്രീത സ്വാഗതവും എ.ഡി.എസ്. സെക്രട്ടറി രമ കക്കാട്ട് നന്ദിയും പറഞ്ഞു.