കാഞ്ഞങ്ങാട് മാതൃ-ശിശു ആശുപത്രിക്ക് കൂടുതല്‍ തസ്തികകള്‍ക്ക്
ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം പ്രത്യേക അനുമതി നല്‍കിക്കൊണ്ടുള്ള സുപ്രധാന തീരുമാനം എടുത്തതായി വനം- വന്യ ജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. മടിക്കൈ- പൂത്തക്കാല്‍ ഹെല്‍ത്ത് സബ് സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ ആരോഗ്യ മേഖല താഴെ തലം തൊട്ട് ഉന്നത തലത്തില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികള്‍ വരെ ജനസൗഹൃദവും അത്യാധുനിക സൗകര്യങ്ങളോടും കൂടിയ കേന്ദ്രങ്ങള്‍ ആക്കി മാറ്റണം എന്ന കാഴ്ചപ്പാടോടെയാണ് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തിയത്. കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങളുടെ ആകെ ഫലമായി ആരോഗ്യ മേഖലയില്‍ മാത്രമല്ല, മറ്റു പല മേഖലകളിലും കേരളം ഒന്നാം സ്ഥാനത്താണ്. ഈ അംഗീകാരങ്ങള്‍ ആവേശപൂര്‍വം വിലയിരുത്തുമെന്നും വിനയത്തോടെ ഇനിയും കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള പ്രചോദനമായി ഉള്‍ക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. മടിക്കൈ പഞ്ചായത്തിലെ മുഴുവന്‍ ആരോഗ്യ കേന്ദ്രങ്ങളും മികച്ചതായി. ഏറ്റവും ഒടുവിലത്തെ സബ് സെന്ററിന്റെ കെട്ടിടം മനോഹരമായി പൂര്‍ പ്രതീക്ഷിച്ച് ആരോഗ്യ മേഖലയില്‍ സമ്പൂര്‍ണത നേടിയ പഞ്ചായത്തായി മടിക്കൈ മാറിയതായും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം. പി മുഖ്യതിഥിയായി. ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ സി സനൂപ് ചന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മടിക്കൈ പൂത്തക്കല്‍ ഹെല്‍ത്ത് സബ് സെന്ററിന്റെ പുതിയ കെട്ടിടം ഗ്രാമപഞ്ചായത്ത് 2023-24 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 55.5 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ച പ്രവര്‍ത്തനമാണ്. ധനകാര്യ കമ്മീഷന്റെ ഹെല്‍ത്ത് ഗ്രാന്‍ഡ് ഫണ്ട് ഉപയോഗിച്ചാണ് ഈ പ്രവര്‍ത്തി നടത്തിയത്. പഞ്ചായത്തിന്റെയും ജനപ്രതിനിധികളുടെയും കൂട്ടായ പരിശ്രമത്തിലൂടെ കരാര്‍ കാലാവധിക്കുള്ളില്‍ തന്നെ പ്രവര്‍ത്തി പൂര്‍ത്തീകരിക്കാന്‍ സാധിച്ചതായി അറിയിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ വിജയന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വിശ്രീലത, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി.സത്യ, ടി.രാജന്‍, രമ പത്മനാഭന്‍, മെമ്പര്‍മാരായ ടി.രതീഷ്, എ.വേലായുധന്‍, മുന്‍ പ്രസിഡന്റുമാരായ സി.പ്രഭാകരന്‍, കെ.വി കുമാരന്‍, എം.രാജന്‍,പഞ്ചായത്ത് മുന്‍ അംഗങ്ങളായ ബങ്കളം കുഞ്ഞികൃഷ്ണന്‍, വി. നാരായണന്‍ മുണ്ടോട്ട്, പി.പി. രാജു, ഒ. കുഞ്ഞികൃഷ്ണന്‍, നിര്‍മ്മാണ കരാറുകാരന്‍ അഹമ്മദ് ഫറൂഖ് എന്നിവര്‍ പങ്കെടുത്തു.
മടിക്കൈ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. പ്രകാശന്‍ സ്വാഗതവും, മടിക്കൈ എഫ്.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. അഹമ്മദ് ബഷീര്‍ നന്ദിയും പറഞ്ഞു.