പക്ഷിനിരീക്ഷകരുടെയും പ്രകൃതി സ്നേഹികളുടെയും ഇഷ്ട കേന്ദ്രമാകാനൊരുങ്ങി കിദൂര്‍. നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട്, കിദൂര്‍ ബയോഡൈവേഴ്സിറ്റി സ്റ്റഡി സെന്റര്‍ തുറന്നു. കുമ്പള ഗ്രാമീണ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള പദ്ധതിയുടെ ഉദ്ഘാടനം എ.കെ.എം അഷ്‌റഫ് എം.എല്‍.എ നിര്‍വ്വഹിച്ചു. കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എം.എ നസീബ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അസീസ് കളത്തൂര്‍, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എം നസീമ, കുമ്പള ഗ്രാമപഞ്ചായത്ത് അംഗം മഞ്ജുനാഥ് ആള്‍വ, നിര്‍മ്മിതി കേന്ദ്രം ജനറല്‍ മാനേജര്‍ ഇ.പി രാജ്‌മോഹന്‍, കുമ്പള ഗ്രാമപഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷന്‍ മാരായ എ.കെ ആരിഫ്, എം.പി ഖാലിദ്, കുമ്പള മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍ പുണ്ടരികാക്ഷ, രാജു കിദൂര്‍ എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എം.എ നസീബ് സ്വാഗതവും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ജെ.കെ ജിജേഷ് കുമാര്‍ നന്ദിയും പറഞ്ഞു.
കേരളത്തിലെ അപൂര്‍വ്വമായൊരു പക്ഷി ഗ്രാമമാണ് കുമ്പള ഗ്രാമ പഞ്ചായത്തിലെ കിദൂര്‍. വംശനാശം നേരിടുന്ന ചാരത്തലയന്‍ ബുള്‍ബുളും വെള്ള അരിവാള്‍ കൊക്കനും മുതല്‍ കടല്‍ക്കാടയും ചേരക്കോഴിയും വരെ നീളുന്ന 170-ലധികം പക്ഷികളുടെയും 38-ഓളം ദേശാടനപ്പക്ഷികളുടെയും ഇടമാണിവിടം. പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്ന കൊമ്പന്‍ വാനമ്പാടിയെയും ഗരുഡന്‍ ചാരക്കാളിയെയും കാണാന്‍ ഇനി ഗവേഷകര്‍ ഇവിടെയെത്തും.
കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 60 ലക്ഷം രൂപ ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളുള്ള ഡോര്‍മെറ്ററി ഇവിടെ ഒരുക്കിയിരിക്കുന്നത്. ഒരേസമയം 40 പേര്‍ക്ക് ഇവിടെ താമസിക്കാം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക മുറികള്‍, മീറ്റിംഗ് ഹാള്‍, അടുക്കള തുടങ്ങി ഒരു ഗവേഷകനോ സഞ്ചാരിക്കോ വേണ്ട എല്ലാ സൗകര്യങ്ങളും നിര്‍മ്മിതി കേന്ദ്രം ഇവിടെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. രണ്ട് കോടി 74 ലക്ഷം രൂപ വകയിരുത്തി കാസര്‍കോട് വികസന പാക്കേജ് നടപ്പിലാക്കുന്ന കുമ്പള റൂറല്‍ ടൂറിസം പദ്ധതിയുടെ സുപ്രധാന ചുവടുവെപ്പാണ് ഈ സ്റ്റഡി സെന്ററും അനുബന്ധമായി പൂര്‍ത്തിയാക്കിയ അരിക്കാടി വാക്ക് വേയും. ആരിക്കാടിയില്‍ ഇനി ബോട്ടിങ് സൗകര്യവും ഒരുക്കും. ജില്ല നിര്‍മ്മിതി കേന്ദ്രമാണ് പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്.