കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് മുന്നൊരുക്കങ്ങളുടെ ഭാഗമായി മാധ്യമ പ്രവര്‍ത്തകര്‍ക്ക് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലനം നല്‍കി. ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പില്‍ വ്യാജവാര്‍ത്തകള്‍, വിദ്വേഷ പ്രചരണം, നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചുള്ള തെറ്റായ സന്ദേശങ്ങള്‍, പെയ്ഡ് ന്യൂസ് എന്നിവക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗനിര്‍ദ്ദേശങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണത്തിനായി സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ മാധ്യമ പ്രവര്‍ത്തകരുമായി ജില്ലാകളക്ടര്‍ സംവദിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ആശയവിനിമയങ്ങളുടെയും ഫലപ്രദമായ വ്യാപനത്തിന് മാധ്യമ പ്രവര്‍ത്തകരുടെ സഹകരണം കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. മാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍, തിരഞ്ഞെടുപ്പ് കാലത്തെ വാര്‍ത്തകളും പരസ്യങ്ങളും നിരീക്ഷിക്കുന്നതിനും സര്‍ട്ടിഫിക്കേറ്റ് അനുവദിക്കുന്നതിനുമുള്ള ‘മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി’ (MCMC) എന്നിവയെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് അവബോധം നല്‍കുന്നതിനായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. .
തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് തെരഞ്ഞെടുപ്പ് സുഗമമായി സംഘടിപ്പിക്കാന്‍ എല്ലാവരുടെയും സഹകരണം ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി എന്താണെന്നും, തിരഞ്ഞെടുപ്പ് സമയത്ത് പെയ്ഡ് ന്യൂസുകള്‍ ഉള്‍പ്പെടെ നിരീക്ഷിക്കുന്നതില്‍ ഈ കമ്മിറ്റിയുടെ പ്രവര്‍ത്തനരീതികള്‍ എങ്ങനെയാണെന്നും വിശദമാക്കുന്നതായിരുന്നു പരിശീലനം. ഇലക്ഷന്‍ കമ്മീഷന്‍ സ്റ്റേറ്റ് ലെവല്‍ മാസ്റ്റര്‍ ട്രെയിനര്‍ സജിത്ത് പലേരി ക്ലാസെടുത്തു
ചടങ്ങില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എ.എന്‍ ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. തിരഞ്ഞെടുപ്പ് എക്സ്പെന്‍ഡിച്ചര്‍ നോഡല്‍ ഓഫീസര്‍ വി. ചന്ദ്രന്‍, മാധ്യമ പ്രവര്‍ത്തകര്‍, തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുത്തു. എം.സി.എം.സി മെമ്പര്‍ സെക്രട്ടറിയായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ സ്വാഗതവും ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്റ് എഡിറ്റര്‍ എ.പി ദില്‍ന നന്ദിയും പറഞ്ഞു.