കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം മുനിസിപ്പാലിറ്റിയില്‍ കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ സാമ്പത്തീക സാങ്കേതീക സഹായത്തോടെ നടപ്പിലാക്കിയ മാതൃക ബി എം സി പദ്ധതി പാണ്ടിക്കോട്ട് പള്ളം സംരക്ഷണം പൂര്‍ത്തീകരിച്ചു. പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട 3 ലക്ഷം രുപയുടെ ഫണ്ട് ബോര്‍ഡ് മുനിസിപ്പാലിറ്റിക്ക് അനുവദിച്ചിരുന്നു.
നീലേശ്വരം നഗരസഭ പരിധിയില്‍ സ്ഥിതി ചെയ്യുന്ന പാണ്ടിക്കോട്ട് പള്ളം അത്യപൂര്‍വ്വമായ ഒരു ആവാസ വ്യവസ്ഥയാണ്. അപൂര്‍വ്വ ജല സസ്യങ്ങളായ മുള്ളന്‍ കൃഷ്ണകേസരം (Nymphoides krishnakesa var. bispinosa), കാസര്‍ഗോഡന്‍ ബ്ലിക്‌സ (Blyxa kasaragodensis) എന്നിവ ലോകത്ത് പാണ്ടിക്കോട്ട് പള്ളത്തില്‍ മാത്രമാണ് വളരുന്നത്. കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളേജിലെ സസ്യശാസ്ത്ര വിഭാഗമാണ് 2016 ഈ അപൂര്‍വ്വ സസ്യങ്ങളെ പാണ്ടിക്കോട്ട് പള്ളത്തില്‍ നിന്നും കണ്ടെത്തിയത്. നെയ്തലാമ്പല്‍ വിഭാഗത്തില്‍ വരുന്ന മുള്ളന്‍ കൃഷ്ണകേസരം വളരെ മനോഹരമായ ജലസ്യമാണ്. വയലറ്റ് നിറത്തിലുള്ള കേസരങ്ങള്‍, വിത്തിന്റെ ഇരുവശങ്ങളിലുള്ള നീണ്ട മുള്ളുകള്‍ എന്നിവ ഈ അപൂര്‍വ്വ സസ്യത്തിന്റെ പ്രത്യേകതകളാണ്. ഹൈഡ്രോക്യാരിറ്റ്‌സിയേ കുടുംബത്തില്‍പ്പെട്ട കാസറഗോഡ് ബ്ലിക്‌സയില്‍ ഗോളാകൃതിയിലുള്ള കേസരങ്ങളാണ് കാണപ്പെടുന്നത്. കാസറഗോഡന്‍ ബ്ലിക്‌സയില്‍ കാണപ്പെടുന്ന ജലപരാഗണ രീതി ഈ ജനസ്സില്‍ ആദ്യമായാണ് കണ്ടെത്തിയിരിക്കുന്നത്. 2012ല്‍ കാസര്‍ഗോഡ് ജില്ലയിലെ നിന്നും കണ്ടെത്തിയ അപൂര്‍വ്വ ജല സസ്യമായ തുള്ളുനാടന്‍ റോട്ടാലയും (Rotala tulunadensis) പാണ്ടിക്കോട്ട് പള്ളത്തില്‍ വളരുന്നുണ്ട്. നിരവധി ജീവജാലങ്ങള്‍ക്ക് ആവാസ വ്യവസ്ഥ ഒരുക്കുന്ന അര ഏക്കറോളം വിസ്തൃതിയുള്ള ഈ പള്ളo സമീപപ്രദേശങ്ങളിലെ ജലലഭ്യതയേയും വളരെയധികം സ്വാധീനിക്കുന്നുണ്ട്. ലോകത്ത് മറ്റെവിടെയും കാണാത്ത അപൂര്‍വ്വ സസ്യങ്ങള്‍ വളരുന്ന പാണ്ടിക്കോട്ട് പള്ളത്തിന്റെ സംരക്ഷണം നാടിന്റെ കടമയാണ്.
പള്ളത്തിന്റെ സ്വാഭാവികമായ ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനും നീരൊഴുക്ക് തടസപ്പെടുത്താതെയുള്ള പ്രവര്‍ത്തി എന്ന നിലയിലാണ് വാഹനങ്ങളും മറ്റും കഴുകുന്നുണ്ടെങ്കിലോ സ്വാഭാവികമായ അവിടത്തെ ജൈവവൈവിധ്യ വ്യവസ്ഥയെ ബാധിക്കുന്ന തരത്തിലുള്ള എന്തെങ്കിലും ഇടപെടലുകള്‍ കുറക്കുന്നതിനും പള്ളത്തിനു ചുറ്റിലും കമ്പിവേലി കെട്ടി സംരക്ഷിച്ചിരിക്കുന്നത്.
പരിപാടിയുടെ ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍പ്പേഴ്‌സന്‍ ശ്രീമതി ടി വി ശാന്ത നിര്‍വഹിച്ചു. നീലേശ്വരം നഗരസഭ വൈസ് ചെയര്‍മാന്‍ ശ്രീ പി പി മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു.സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ശ്രീ കെ പി രവീന്ദ്രന്‍, ടിപി ലത,പി ഭാര്‍ഗവി ,വാര്‍ഡ് കൗണ്‍സിലര്‍ ദാക്ഷായണി കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.ചടങ്ങില്‍ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ വി ഗൗരി സ്വാഗതം പറഞ്ഞു .നഗരസഭാ കൗണ്‍സിലര്‍മാര്‍ സംബന്ധിച്ചുകേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാകോര്‍ഡിനേറ്റര്‍ അഖില വി എം പദ്ധതിയെക്കുറിച്ചും അപൂര്‍വ സസ്യങ്ങളുടെ പ്രാധാന്യത്തെ കുറിച്ചും വിശദീകരിച്ചു.