കപ്പലോട്ടക്കാരുടെ ഐക്യദിനത്തിന് മുപ്പതാണ്ട്

മര്‍ച്ചന്റ് നേവിയിലെ ജീവനക്കാര്‍ക്ക് രാജ്യ തലത്തിലും രാജ്യാന്തര തലത്തിലും ആഘോഷിക്കാന്‍ വര്‍ഷത്തില്‍ ഒട്ടേറെ പ്രത്യേക ദിനങ്ങള്‍ പതിവായുണ്ട്. അതില്‍ ഒന്നാണ് നവംബര്‍ 6 ന് ആഘോഷിക്കുന്ന ‘സിമെന്‍സ് യൂണിറ്റി ഡേ’ (കപ്പലോട്ടക്കാരുടെ ഐക്യദിനം).മുംബൈ നുസി ആസ്ഥാനത്തും കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ്ബിലും ജീവനക്കാരുടെ ജില്ലയിലെ മറ്റ് സംഘടനകളിലും ഈ ദിവസം ആഘോഷിക്കാറുണ്ട്. പക്ഷേ, പാലക്കുന്നിലുള്ള കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ്ബിലെ ആഘോഷത്തിന് പ്രത്യേകതകള്‍ ഏറെയാണ്.

എന്താണ് യൂണിറ്റി ഡേ

കപ്പലോട്ടക്കാരുടെ ദേശീയ സംഘടന യായ ”നുസി’ എന്ന ചുരക്കപ്പേരില്‍ അറിയപ്പെടുന്ന എന്‍. യു. എസ്. ഐ. (നാഷണല്‍ യൂണിയന്‍ ഓഫ് സീഫെയറേഴ്‌സ് ഓഫ് ഇന്ത്യ) 1996 മുതലാണ് നവംബര്‍ 6 സീമെന്‍സ് യൂണിറ്റി ഡേ ആയി ആഘോഷിച്ചു വരുന്നത്. കപ്പലോട്ടക്കാരുടെ പ്രഥമ സംഘടനയായ നുസി എന്ന ട്രേഡ് യൂണിയന്‍ പ്രസ്ഥാനം അതിന്റ 100 വര്‍ഷം പൂര്‍ത്തിയാക്കിയത്
1996ല്‍ ആയിരുന്നു. ശതവാര്‍ഷികാഘോ ത്തിന്റെ ഓര്‍മയ്ക്കായി അന്ന് തുടങ്ങിയതാണ് നവംബര്‍ 6 ലെ സീമെന്‍സ് യൂണിറ്റി ഡേ ആഘോഷം. ആ ആഘോഷത്തിന് 30 വര്‍ഷം പൂര്‍ത്തിയാവുകയാണ് ഈ വര്‍ഷം. നവംബര്‍ 6 എന്ന ദിവസം അതിനായി തിരഞ്ഞെടുക്കാനും കാരണമുണ്ടായിരുന്നു. നുസിയുടെ അമരത്ത് ദീര്‍ഘകാലം ജനറല്‍ സെക്രട്ടറിയായും ട്രഷററായും സേവനമനുഷ്ഠിച്ച ഡോ. ലിയോ ബാന്‍സിന്റെ ജന്മദിനമായ നവംബര്‍ 6 സീമെന്‍സ് യൂണിറ്റി ഡേ ആയി ആഘോഷിക്കാന്‍ നുസി സംഘടനയ്ക്ക് മറിച്ചൊന്നും ആലോചിക്കേണ്ടി വന്നില്ല. ആ തീരുമാനത്തിന്റെ മുപ്പതാം വാര്‍ഷിക ദിനമാണ് നാളത്തെ നവംബര്‍ 6. ഇതിന്റെ ഭാഗമായി നവംബര്‍ 15 ന് ക്ലബ് അംഗങ്ങളും കുടുംബവും ഹൈദര്‍ബാദി ലേക്ക് വിനോദ യാത്രയും നടത്തും.

കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ്

കപ്പലോട്ട ജീവനക്കാര്‍ പ്രാദേശികമായി സംഘടിച്ച് രാജ്യത്ത് ആദ്യമായി ഒരു സ്വതന്ത്ര സംഘടനയ്ക്ക് രൂപം നല്‍കിയത് കാസര്‍കോട് ജില്ലയില്‍ ആയിരുന്നു. അത് 1992ല്‍.അതാണ് കോട്ടിക്കുളം മെര്‍ച്ചന്റ് നേവി ക്ലബ്. യു കെ യിലെ സതാംപ്ട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെലേഴ്‌സ് സൊസൈറ്റിയുടെ ഇന്ത്യന്‍ തലവന്റെ ഗുഡ് സര്‍വീസ് സര്‍ട്ടിഫിക്കറ്റ് നേടിയ ക്ലബ്. നാല് വര്‍ഷത്തിനകം പാലക്കുന്ന് ടൗണിന്റെ ഹൃദയ ഭാഗത്ത് സ്വന്തമായി സ്ഥലവും അതില്‍ ഇരുനില കെട്ടിടവും നിര്‍മിച്ചു. മുന്‍ മര്‍ച്ചന്റ് നേവി ജീവനക്കാരനും തിരുവക്കോളി സ്വദേശിയുമായ മംഗ്ലൂരു ഇന്‍ഫ്രാ പ്രോപ്പര്‍ട്ടിസ് ഉടമ വി. കരുണാകരന്‍ ക്ലബ് രൂപീകരണത്തിന് പൂര്‍ണ സഹകരണവും തുടര്‍ന്ന് കെട്ടിട നിര്‍മാണത്തിന് സാമ്പത്തികമായും സഹായിച്ചു. നുസിയുടെ ജനറല്‍ സെക്രട്ടറി ഡോ. ലിയോ ബാന്‍സ് കെട്ടിടത്തിന്റെ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ മറ്റൊരു അമരക്കാരനായ എം. ടി. ജോസഫും അദ്ദേഹത്തോടൊപ്പം ചടങ്ങില്‍ പങ്കെടുത്തു. ഒരു നിശ്ചിത തുക സംഭാവനയായി നല്‍കിയ കണ്ണൂര്‍-കാസര്‍കോട് ജില്ലയിലെ മര്‍ച്ചന്റ് നേവി ജീവനക്കാരെല്ലാം ക്ലബ്ബില്‍ അംഗങ്ങളാണ്. അവരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കി
പ്രവര്‍ത്തിക്കുകയാണ് ക്ലബ്.

മുതിര്‍ന്നവര്‍ക്ക് ആദരം

വിരമിച്ചാല്‍ പ്രതിമാസ പെന്‍ഷന്‍ ആനുകൂല്യം കിട്ടാത്ത രാജ്യത്തെ ഏക വിഭാഗമാണ് മര്‍ച്ചന്റ്‌നേവി ജീവനക്കാര്‍. രാജ്യത്തിന് കോടി കണക്കിന് വിദേശ നാണ്യം നേടി കൊടുക്കുന്നവര്‍. സര്‍വീസില്‍ ഇരിക്കുമ്പോള്‍ ഇവരെ എല്ലാവര്‍ക്കും വേണം. വിരമിച്ചാല്‍ ആരുടെയും ശ്രദ്ധയില്‍ പെടാത്തവര്‍. ഈ അവസ്ഥയിലാണ് കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ് അതിലെ അംഗങ്ങ ളായവര്‍ക്ക് അത്താണിയാകുന്നത്.
എല്ലാ വര്‍ഷവും യൂണിറ്റി ഡേ സംഗമ ആഘോഷത്തിന്റെ ഭാഗമായി ഒത്തു കൂടുമ്പോള്‍ 65, 75, 85 വയസ്സ് പൂര്‍ത്തി യാകുന്നവരെ പൊന്നാടയും ഉപഹാരങ്ങളും ഒറ്റതവണ ക്ഷേമാശ്വാസ പണക്കിഴിയും നല്‍കി ആദരിക്കുക യാണ്. നവംബര്‍ 6 ന് മര്‍ച്ചന്റ് നേവി ക്ലബ്ബില്‍ വിവിധ പരിപാടികള്‍ നടക്കും.


പാലക്കുന്നില്‍ കുട്ടി
(പ്രസിഡന്റ്, കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ്)

Leave a Reply

Your email address will not be published. Required fields are marked *