കുവൈത്ത് സ്വകാര്യ മേഖലയില്‍ ജോലി സമയത്തിന് പുതിയ ഭേദഗതി; നിയമം പ്രാബല്യത്തില്‍

കുവൈത്ത്: സ്വകാര്യ മേഖലയിലെ ജോലിസമയം നിയന്ത്രിക്കുന്ന 2025-ലെ 15-ാം നമ്പര്‍ പ്രമേയം കുവൈത്തില്‍ പ്രാബല്യത്തില്‍ വന്നു. തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്തുക, സുതാര്യത വര്‍ധിപ്പിക്കുക എന്നിവയാണ് പുതിയ നിയമത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. ജോലിസമയം, അവധി എന്നിവ നിരീക്ഷിക്കാന്‍ ആധുനിക ഇലക്ട്രോണിക് സംവിധാനം നടപ്പാക്കുമെന്ന് മാനവശേഷി അതോറിറ്റി അറിയിച്ചു.

പുതിയ നിര്‍ദ്ദേശപ്രകാരം, തൊഴിലുടമകള്‍ ദൈനംദിന ജോലിസമയം, വിശ്രമസമയം, ആഴ്ചാവധി ദിനം, ഔദ്യോഗിക അവധി ദിനങ്ങള്‍ എന്നിവ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും അതോറിറ്റി അംഗീകരിച്ച ഇലക്ട്രോണിക് സിസ്റ്റത്തില്‍ രേഖപ്പെടുത്തണം. വിവരങ്ങളില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ ഉടന്‍ തന്നെ അത് പുതുക്കണം. കൂടാതെ, ഈ വിവരങ്ങള്‍ പ്രിന്റ് ചെയ്ത രൂപത്തില്‍ ജോലിസ്ഥലത്ത് പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

പഴയ പേപ്പര്‍ രേഖപ്പെടുത്തല്‍ രീതികള്‍ ഒഴിവാക്കി ഇനിമുതല്‍ ഇലക്ട്രോണിക് സംവിധാനം മാത്രമേ അംഗീകരിക്കുകയുള്ളൂ എന്ന് അതോറിറ്റി വ്യക്തമാക്കി. വ്യവസ്ഥകള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ലംഘനം തുടരുന്ന സ്ഥാപനങ്ങളുടെ ഫയല്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തൊഴിലാളികളുടെ വിവരങ്ങള്‍ ഉടന്‍ പുതുക്കണമെന്നും അധികൃതര്‍ തൊഴിലുടമകളോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *