ഒന്‍പത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം; ചികിത്സാ പിഴവ് ആരോപിച്ച് ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

പാലക്കാട്: പല്ലശ്ശനയില്‍ ഒമ്പത് വയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തില്‍ ചികിത്സാ പിഴവ് ആരോപിച്ചും ഡോക്ടര്‍മാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടും കുടുംബം പോലീസില്‍ പരാതി നല്‍കി. പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷനിലാണ് പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്‍കിയത്. വിഷയത്തില്‍ സര്‍ക്കാരില്‍ നിന്ന് തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്നും ആരും തിരിഞ്ഞുനോക്കിയില്ലെന്നും കുടുംബം ആരോപിച്ചു. അനുകൂലമായ നടപടിയുണ്ടാകുന്നത് വരെ നിയമപോരാട്ടം തുടരുമെന്നും അവര്‍ വ്യക്തമാക്കി.

2024 സെപ്റ്റംബര്‍ 24-നാണ് സഹോദരനൊപ്പം കളിക്കുന്നതിനിടെ വീണ് പെണ്‍കുട്ടിക്ക് പരിക്കേറ്റത്. ഉടന്‍ തന്നെ കുട്ടിയെ മാതാപിതാക്കള്‍ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ജില്ലാ ആശുപത്രിയില്‍ വെച്ച് പ്രാഥമിക ചികിത്സ നല്‍കി പ്ലാസ്റ്ററിട്ട് കുട്ടിയെ വീട്ടിലേക്ക് വിടുകയായിരുന്നു.

എന്നാല്‍, ഇതിനു പിന്നാലെ കുട്ടിക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായി. കൈയുടെ നിറം മാറുകയും അസഹനീയമായ വേദന അനുഭവപ്പെടുകയും ചെയ്തു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോഴാണ് കൈ മുറിച്ചുമാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. ഇതോടെ, പെണ്‍കുട്ടിയുടെ വലതുകൈ മുറിച്ചുമാറ്റേണ്ടി വന്നു. കുട്ടിക്ക് മതിയായ ചികിത്സ ലഭിക്കാത്തതാണ് കൈ മുറിച്ചുമാറ്റുന്ന സാഹചര്യത്തിലേക്ക് എത്തിച്ചതെന്ന് നേരത്തെ തന്നെ കുടുംബം ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *